വീണ്ടും പിച്ചവെച്ചു പതിനാറാം വയസിൽ

അധികം വൈകാതെ തന്നെ പുതിയ കൃതൃമക്കാൽ തയ്യാറായി,പക്ഷേ അപ്പോഴേയ്ക്കും ഞാൻ കീമോ'യുടെ ഭ്രാന്ത വലയത്തിൽ പെട്ടിട്ട് ഒരു മാസംപിന്നിടുകയായിരുന്നു,മെലിഞ്ഞുകൊലുന്നനെ നീണ്ടമുടിയൊക്കെ പിന്നിയിട്ട് 2മാസങ്ങൾക്ക് മുൻപ് അളവെടുക്കാൻചെന്ന എന്നെ അവർ തിരിച്ചറിയുന്നത് കൂടെയുണ്ടായിരുന്നവരെ കണ്ടിട്ടായിരുന്നു,കീമോ മരുന്നുകൾ എനിക്ക് തടിച്ചുചീർത്ത ശരീരവുംമൊട്ടത്തലയും കണ്‍പീലിപോലുമില്ലാത്തൊരു മുഖവും പിന്നെ നഘങ്ങളിൽ പോലും കരുവാളിപ്പും സമ്മാനിച്ചു കഴിഞ്ഞിരുന്നു.അളവ് പാകമാകാതെ ആ ലിമ്പ് ഉപേഷിക്കേണ്ടിവന്നു .പക്ഷേ,അത് എനിക്ക് യാഥാർത്യത്തിന്റെ നേർക്കൊരു ചൂണ്ടുവിരൽ അനുഭവം നല്കി,കാരണം പുതിയകാൽവെച്ച് നടക്കുക എന്നത് ഒരു പൂനുള്ളുന്ന ലാഘവത്തോടെ സംഭവിക്കുമെന്നതാണ് മറ്റുള്ളവരുടെ വാക്കുകലിലൂടെ ഞാൻ മനസിലാക്കി വെച്ചിരുന്നതേ - സുധാ ചന്ദ്രന്റെ നൃത്തവും ചന്ദ്രലേഘ' സിനിമയിൽ മോഹൻലാൽ പാട്ടുപാടി സുകന്യയെ നടത്തിക്കുന്ന സീനുമൊക്കെ മനസിലങ്ങനെ നിറഞ്ഞുനില്ക്കുമ്പോഴാണെന്നോർക്കണം മുന്നിലുംപിന്നിലും വലിയ കണ്ണാടികൾ വെച്ചിട്ടുള്ളതിനു നടുവിൽ ഇരുവശങ്ങളിലുമുള്ള നീളമേറിയ ഇരുമ്പുബാറുകളിൽ പിടിച്ചു ഒരു ചേട്ടൻ വേദനിക്കുന്ന മുഖത്തോടെ പതിയെ നടന്നുപഠിക്കുന്നു,ഒരു ടെക്സ്റ്റെയിൽസ് കവർ ഇടതുകൈയിൽ മടക്കിപിടിച്ചുകൊണ്ടു ഭാര്യ അല്പം ഇടയിട്ട് സമാന്തരമായി ചലിക്കുന്നുണ്ട്. പിന്നെയും കണ്ടു പലപ്രായക്കാർ-പല അനുഭവക്കാർ, പല അളവിലും തരത്തിലുമുള്ള കൃത്രിമ കൈകാലുകൾ !
എന്റേത് 'through knee 'യാണ് above knee/below knee ആയിരുന്നെങ്കിൽ കുറച്ചുകൂടി ആയാസരഹിതമായിരുന്നെനെ എന്നൊരു അഭിപ്രായവും കേൾക്കുകയുണ്ടായി.മുട്ടുമടക്കി തന്നെ നടന്നു പഠിക്കാൻ അവർ നിർദേശിച്ചെങ്കിലും വീട്ടിലേയ്ക്ക് വഴിസൗകര്യം ഇല്ലാത്തതിനാൽ,ഇനി ഞാൻ മുട്ടുമടക്കേണ്ടതില്ല എന്ന തീരുമാനം നിലവിൽ വന്നു ,അതിനോടനുബന്ധിച്ച് മുട്ടിന്റെ ഭാഗത്ത് ലോക്ക് വരികയുംചെയ്തു,അതായത് ഇരിക്കുമ്പോൾ ലോക്കെടുത്ത് കാൽ മടക്കാം ! ഇനി നടന്നുപഠിക്കുമ്പോൾ കാലിലേയ്ക്ക് നോക്കാനേ പാടില്ല നേരെ നോക്കി നടക്കണം,അല്ലെങ്കിൽ അതൊരു ശീലമായി തീരുമല്ലോ! കൊച്ചുകുട്ടികൾ കളിപ്പാട്ടങ്ങളിൽ കണ്ണുനട്ട് പായുമ്പോൾ ഉരുണ്ടുവീഴേണ്ടതിന്റെ ആവശ്യകത ഞാൻ മനസിലാക്കിയതപ്പോഴാണ് .
4 മാസങ്ങൾക്കുള്ളിൽ അടുത്ത ലിമ്പ് ലഭിച്ചു.അപ്പോഴേയ്ക്കും ഞാൻ കീമോയിൽ അവശനിലയിലായിരുന്നു,വെച്ചുനോക്കി,പക്ഷേ പരിശീലനം നടന്നില്ല,ഒരു മാസത്തിന് ശേഷം വീണ്ടും പോയി,അപ്പോഴും ഞാൻ ക്ഷീണം വിട്ടുമാറിയില്ല,ഇതിനോടകം ഞാൻ ക്രച്ചസ് ഉപയോഗിച്ചുതുടങ്ങിയിരുന്നു,മുറിവുണങ്ങുന്നതിനുമുന്പേ കുളിമുറിയിൽ തെന്നിവീണ് കാലിടിച്ചു ബോധംകേട്ടതിനാൽ ചലനങ്ങൾ സൂക്ഷത്തൊടെയായിക്കഴിഞ്ഞിരുന്നു.മനുഷ്യശരീരത്തിലെ ഏറ്റവും അവശ്യഅവയവം കാലാണെന്നും കാലിനുപകരം ഒരു കൈ നഷ്ട്ടപെട്ടാലും വേണ്ടിയിരുന്നില്ല എന്നൊക്കെ ചിന്തിച്ചുകൂട്ടിയ സമയം.അങ്ങനെ പോയ ദിവസങ്ങളിലൊന്നിൽ വന്ന മിന്നൽപണിമുടക്ക് അന്ന് ,അവിടെ എന്തുചെയ്യണമെന്നറിയാതെ അമ്മയ്ക്കുംവല്യമ്മയ്ക്കുമൊപ്പം ക്രച്ചസും മടിയിൽ വെച്ചുകൊണ്ടാ വരാന്തിയിലിരുന്ന് വെയിൽചായുന്നതു നോക്കിയിരുന്ന നിമിഷങ്ങൾ ഓർമ്മയിലെ കടുത്ത വർണ്ണങ്ങളിൽ എഴുതപ്പെട്ട് കിടക്കുന്നു, അച്ഛന്റെ ഓർമയിൽ വന്നുചേർന്ന കണ്ണുനീരിനെ ഞാൻ കാലുവേദനയിലേയ്ക്കു പഴിചാരി !
ലിമ്പ് വെച്ച് നടക്കാൻ തുനിയാതെ ദിവസങ്ങൾ കുറച്ചുകൂടി മുന്നോട്ടുപോകവേ ആ ദിവസങ്ങൾ ഇങ്ങെത്തി വീണ്ടും പ്ലസ് വണ്ണിനു ചേർന്നിരിക്കുകയാണ്! ക്ലാസ്സുതുടങ്ങാൻ രണ്ടു ദിവസങ്ങൾ അവശേഷിക്കുന്നു!അത് വെച്ച് നടക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളോർത്ത് മാറ്റിവെച്ചിരിക്കുന്ന ആ കാലിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നത് ശാന്തിനിലയം കോണ്‍വെന്റ്റ്റിലെ ഉറക്കംവരാത്ത ആ രാത്രിയാണ്.ഒരുപക്ഷേ എന്നെക്കുറിച്ച് - എന്റെ അവസ്ഥയെക്കുറിച്ച് ഞാൻ ആലോചിച്ച് എടുത്ത ഏറ്റവും നല്ല തീരുമാനങ്ങൾ ആ മണിക്കൂറുകളിൽ ആയിരുന്നു. തുടർപഠനം അപ്പോഴും ചിന്തയുടെ നൂൽപ്പാലത്തിലാണ്, പഠിക്കാൻ പറ്റുമോയെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല, ബൂത്തിനെക്കുറിച്ചൊക്കെ വീട്ടിൽ സംസാരമുണ്ടായിട്ടുണ്ട്, അച്ഛന്റെ മരണശേഷം വീണ്ടും വീടിന്റെ സർവ്വപ്രതീക്ഷയും തകർന്നതിന്റെ ചാരത്തിൽനിന്നുള്ള എന്റെ ചിന്തകൾ ഫലം കണ്ടു,പിറ്റേന്ന് രാവിലെമുതൽ നടന്നുതുടങ്ങി,മൂന്നാംനാൾ സ്കൂളിലേയ്ക്ക്,വിമല സിസ്റ്റർ എവിടുന്നോ ഒരു ഊന്നുവടി കൊണ്ടുതന്നു,അച്ഛന്റെ മുത്തശിയുടെ കൈയിൽ ഉണ്ടായിരുന്നു അത്തരമൊന്ന്.
നീറ്റലുള്ള ആ കാലടികൾക്ക് പിന്നിൽ പഠിക്കാനുള്ള അദമ്യമായ ആഗ്രഹമായിരുന്നു എന്നതല്ല സത്യം അതെന്നെ സമ്പന്ധിച്ചിടത്തോളം അവസാനത്തെ പിടിവള്ളിയായിരുന്നു എന്നതാണ് വാസ്തവം,അതിലുപരി എനിക്കത് മനസിലാക്കാൻ കഴിഞ്ഞിരുന്നു എന്നതും സത്യം.അന്ന് വൈകുന്നേരം കാലിൽ ഞാൻ 5 ബാൻഡെജ് ഒട്ടിച്ചു,പിന്നീട് വടി ഉപേക്ഷിച്ചു ഞാൻ സ്വയം നടന്നുതുടങ്ങി,ജീവിതത്തെ സ്നേഹിക്കാനൊന്നും എനിക്ക് കഴിഞ്ഞിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്,വീട്ടിലെ മുറിയില്നിന്നുള്ള മോചനം എനിക്ക് പ്രതീക്ഷ നല്കുന്നുണ്ടായിരുന്നിരിക്കണം.അവിടെവച്ച് ഞാൻ ബസിൽ കയറി യാത്ര ചെയ്തു,അതും എന്റെ ആന്മവിശ്വാസം വർദ്ധിപ്പിച്ചു.
ഒടുവിൽ 2 വർഷത്തിനുശേഷം 90%മാർക്കോടെ ലഭിച്ച +2 സർട്ടിഫികറ്റാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ ഉറച്ചചവിട്ടുപടി !പിന്നെയും യാത്രകൾ ഉണ്ടായി ഒരുപാട് തനിച്ചും അല്ലാതെയും,എന്റെ മുട്ടുമടക്കാത്ത കാലടികൾ കൂടെനടക്കുന്നവർക്ക് ബുദ്ധിമുട്ടാകുമോയെന്ന ആശങ്കകളുംതുറിച്ചുനോട്ടങ്ങളും മറ്റുള്ളവരുടെ സഹതാപവുമൊക്കെ എന്റെ കാലടികളെ പലപ്പോഴും ഇടറിക്കാറുണ്ട് പക്ഷേ,എന്റെ കൈപിടിച്ച് എത്രയേറെ കൂട്ടുകാരുംപരിചയക്കാരും എന്നോടൊപ്പം നടന്നിട്ടുണ്ടെന്നറിയ്യോ !!
അത്തരം ചിലയാത്രകൾക്കൊടുവിൽ എന്റെ കണ്ണ്നിറയും ..കാരണം എന്താണെന്ന് ചോദിച്ചാൽ.... സങ്കടം കൊണ്ടല്ല എന്നേ അറിയൂ!
Comments
ഇനിയും മുന്നേറാന്‍ ആശംസകള്‍
അജിത്തേട്ടന്‍ പറഞ്ഞതു തന്നെ ...
ധൈര്യം കൈവെടിയാതെ മുന്നേറുക .