4 March 2015

പഴംചുട്ടതുംഞാനും

"അനിയത്തി തീരെ ചെറുതായിരുന്നപ്പോള്‍ അമ്മ അവള്‍ക്ക് ചുടുന്ന പഴത്തിന്റ പങ്ക് വാശിയോടെ കഴിച്ചുശീലിച്ച രുചി! വളര്‍ച്ചയുടെ വഴിവക്കില്‍ വാശി മറന്നുവച്ചപ്പോഴും കൂടെവന്നയീ സ്വാദ് വീണ്ടും മുന്നിലെത്തിച്ചതും അവള്‍ - അനിയത്തി"

28 November 2013

ഞാൻ പറയുന്നതിനെല്ലാം ചെവിതരാൻ ....
"ആ കഥ ഒന്നുകൂടി പറയ്യോ ?" എന്ന് കൊഞ്ചാൻ ...
പിന്നെ, ഞാൻ ചൊല്ലിക്കൊടുക്കുന്നതെല്ലാം ഏറ്റുപാടാൻ ശ്രമിച്ച്,
ഞാനൊരു ഗായികയാണെന്ന് ആദ്യമായി പറഞ്ഞ,
എല്ലാത്തിനുമുപരി എന്നെ സഹിക്കുന്ന ഈ കുഞ്ഞുങ്ങളെ ഞാനെങ്ങനെ സ്നേഹിക്കാതിരിക്കും ... :)

28 October 2013

നുണക്കഥ


എന്റെയാണ് എന്റെയാണെന്നും പറഞ്ഞ്
പകുത്തെടുക്കാൻ ബന്ധങ്ങൾക്കായ് അവകാശമുന്നയിച്ചവൾ-
അവരിലാദ്യത്തെ അനാഥയായി തീരുന്നൊരു കഥയുണ്ട് !
അനുഭവത്തിന്റെ ചൂരിനുള്ളിൽ പകർത്തിയെടുക്കാൻ
വാക്കുകൾ പിടിതരാഞ്ഞതിനാൽ ഞാനതിനെ
നുണക്കഥയാക്കി വെറുമൊരു കള്ളകഥ !

11 October 2013

വീണ്ടും പിച്ചവെച്ചു പതിനാറാം വയസിൽ

"അതേ, കഴിഞ്ഞദിവസം കാലുമുറിച്ചു മാറ്റപെടെണ്ടിവന്നതിനെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നല്ലോ,അതുകഴിഞ്ഞ് മുറിവ് ഉണങ്ങിയെന്ന് ഉറപ്പാക്കിയ ഉടനെ പുതിയ കാലിനുള്ള അളവെടുത്തു !തമിഴ്കലർന്ന മലയാളം സംസാരിക്കുന്ന ആ ചീഫ് എഞ്ചിനീയർ മുറിവ് ഉണങ്ങിയോയെന്നറിയാൻ കാലുമുറിച്ചുമാറ്റിയ ഭാഗത്തു ആദ്യമായി പ്രസ്‌ചെയ്തു നോക്കിയത് ഈ ജന്മത്ത് എനിക്ക് മറക്കാൻ പറ്റില്ല,മനസിലായികാണുമല്ലോ അന്ന് മുറിവ് പൂർണ്ണമായും ഭേദപെട്ടിരുന്നില്ല.

അധികം വൈകാതെ തന്നെ പുതിയ കൃതൃമക്കാൽ തയ്യാറായി,പക്ഷേ അപ്പോഴേയ്ക്കും ഞാൻ കീമോ'യുടെ ഭ്രാന്ത വലയത്തിൽ പെട്ടിട്ട് ഒരു മാസംപിന്നിടുകയായിരുന്നു,മെലിഞ്ഞുകൊലുന്നനെ നീണ്ടമുടിയൊക്കെ പിന്നിയിട്ട് 2മാസങ്ങൾക്ക് മുൻപ് അളവെടുക്കാൻചെന്ന എന്നെ അവർ തിരിച്ചറിയുന്നത്‌ കൂടെയുണ്ടായിരുന്നവരെ കണ്ടിട്ടായിരുന്നു,കീമോ മരുന്നുകൾ എനിക്ക് തടിച്ചുചീർത്ത ശരീരവുംമൊട്ടത്തലയും കണ്‍പീലിപോലുമില്ലാത്തൊരു മുഖവും പിന്നെ നഘങ്ങളിൽ പോലും കരുവാളിപ്പും സമ്മാനിച്ചു കഴിഞ്ഞിരുന്നു.അളവ് പാകമാകാതെ ആ ലിമ്പ് ഉപേഷിക്കേണ്ടിവന്നു .പക്ഷേ,അത് എനിക്ക് യാഥാർത്യത്തിന്റെ നേർക്കൊരു ചൂണ്ടുവിരൽ അനുഭവം നല്കി,കാരണം പുതിയകാൽവെച്ച് നടക്കുക എന്നത് ഒരു പൂനുള്ളുന്ന ലാഘവത്തോടെ സംഭവിക്കുമെന്നതാണ് മറ്റുള്ളവരുടെ വാക്കുകലിലൂടെ ഞാൻ മനസിലാക്കി വെച്ചിരുന്നതേ - സുധാ ചന്ദ്രന്റെ നൃത്തവും ചന്ദ്രലേഘ' സിനിമയിൽ മോഹൻലാൽ പാട്ടുപാടി സുകന്യയെ നടത്തിക്കുന്ന സീനുമൊക്കെ മനസിലങ്ങനെ നിറഞ്ഞുനില്ക്കുമ്പോഴാണെന്നോർക്കണം മുന്നിലുംപിന്നിലും വലിയ കണ്ണാടികൾ വെച്ചിട്ടുള്ളതിനു നടുവിൽ ഇരുവശങ്ങളിലുമുള്ള നീളമേറിയ ഇരുമ്പുബാറുകളിൽ പിടിച്ചു ഒരു ചേട്ടൻ വേദനിക്കുന്ന മുഖത്തോടെ പതിയെ നടന്നുപഠിക്കുന്നു,ഒരു ടെക്സ്റ്റെയിൽസ് കവർ ഇടതുകൈയിൽ മടക്കിപിടിച്ചുകൊണ്ടു ഭാര്യ അല്പം ഇടയിട്ട് സമാന്തരമായി ചലിക്കുന്നുണ്ട്. പിന്നെയും കണ്ടു പലപ്രായക്കാർ-പല അനുഭവക്കാർ, പല അളവിലും തരത്തിലുമുള്ള കൃത്രിമ കൈകാലുകൾ !

എന്റേത് 'through knee 'യാണ് above knee/below knee ആയിരുന്നെങ്കിൽ കുറച്ചുകൂടി ആയാസരഹിതമായിരുന്നെനെ എന്നൊരു അഭിപ്രായവും കേൾക്കുകയുണ്ടായി.മുട്ടുമടക്കി തന്നെ നടന്നു പഠിക്കാൻ അവർ നിർദേശിച്ചെങ്കിലും വീട്ടിലേയ്ക്ക് വഴിസൗകര്യം ഇല്ലാത്തതിനാൽ,ഇനി ഞാൻ മുട്ടുമടക്കേണ്ടതില്ല എന്ന തീരുമാനം നിലവിൽ വന്നു ,അതിനോടനുബന്ധിച്ച് മുട്ടിന്റെ ഭാഗത്ത് ലോക്ക് വരികയുംചെയ്തു,അതായത് ഇരിക്കുമ്പോൾ ലോക്കെടുത്ത് കാൽ മടക്കാം ! ഇനി നടന്നുപഠിക്കുമ്പോൾ കാലിലേയ്ക്ക് നോക്കാനേ പാടില്ല നേരെ നോക്കി നടക്കണം,അല്ലെങ്കിൽ അതൊരു ശീലമായി തീരുമല്ലോ! കൊച്ചുകുട്ടികൾ കളിപ്പാട്ടങ്ങളിൽ കണ്ണുനട്ട് പായുമ്പോൾ ഉരുണ്ടുവീഴേണ്ടതിന്റെ ആവശ്യകത ഞാൻ മനസിലാക്കിയതപ്പോഴാണ് .


4 മാസങ്ങൾക്കുള്ളിൽ അടുത്ത ലിമ്പ് ലഭിച്ചു.അപ്പോഴേയ്ക്കും ഞാൻ കീമോയിൽ അവശനിലയിലായിരുന്നു,വെച്ചുനോക്കി,പക്ഷേ പരിശീലനം നടന്നില്ല,ഒരു മാസത്തിന് ശേഷം വീണ്ടും പോയി,അപ്പോഴും ഞാൻ ക്ഷീണം വിട്ടുമാറിയില്ല,ഇതിനോടകം ഞാൻ ക്രച്ചസ് ഉപയോഗിച്ചുതുടങ്ങിയിരുന്നു,മുറിവുണങ്ങുന്നതിനുമുന്പേ കുളിമുറിയിൽ തെന്നിവീണ് കാലിടിച്ചു ബോധംകേട്ടതിനാൽ ചലനങ്ങൾ സൂക്ഷത്തൊടെയായിക്കഴിഞ്ഞിരുന്നു.മനുഷ്യശരീരത്തിലെ ഏറ്റവും അവശ്യഅവയവം കാലാണെന്നും കാലിനുപകരം ഒരു കൈ നഷ്ട്ടപെട്ടാലും വേണ്ടിയിരുന്നില്ല എന്നൊക്കെ ചിന്തിച്ചുകൂട്ടിയ സമയം.അങ്ങനെ പോയ ദിവസങ്ങളിലൊന്നിൽ വന്ന മിന്നൽപണിമുടക്ക് അന്ന് ,അവിടെ എന്തുചെയ്യണമെന്നറിയാതെ അമ്മയ്ക്കുംവല്യമ്മയ്ക്കുമൊപ്പം ക്രച്ചസും മടിയിൽ വെച്ചുകൊണ്ടാ വരാന്തിയിലിരുന്ന് വെയിൽചായുന്നതു നോക്കിയിരുന്ന നിമിഷങ്ങൾ ഓർമ്മയിലെ കടുത്ത വർണ്ണങ്ങളിൽ എഴുതപ്പെട്ട്‌ കിടക്കുന്നു, അച്ഛന്റെ ഓർമയിൽ വന്നുചേർന്ന കണ്ണുനീരിനെ ഞാൻ കാലുവേദനയിലേയ്ക്കു പഴിചാരി !

ലിമ്പ് വെച്ച് നടക്കാൻ തുനിയാതെ ദിവസങ്ങൾ കുറച്ചുകൂടി മുന്നോട്ടുപോകവേ ആ ദിവസങ്ങൾ ഇങ്ങെത്തി വീണ്ടും പ്ലസ്‌ വണ്ണിനു ചേർന്നിരിക്കുകയാണ്! ക്ലാസ്സുതുടങ്ങാൻ രണ്ടു ദിവസങ്ങൾ അവശേഷിക്കുന്നു!അത് വെച്ച് നടക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളോർത്ത് മാറ്റിവെച്ചിരിക്കുന്ന ആ കാലിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നത് ശാന്തിനിലയം കോണ്‍വെന്റ്റ്റിലെ ഉറക്കംവരാത്ത ആ രാത്രിയാണ്.ഒരുപക്ഷേ എന്നെക്കുറിച്ച് - എന്റെ അവസ്ഥയെക്കുറിച്ച് ഞാൻ ആലോചിച്ച് എടുത്ത ഏറ്റവും നല്ല തീരുമാനങ്ങൾ ആ മണിക്കൂറുകളിൽ ആയിരുന്നു. തുടർപഠനം അപ്പോഴും ചിന്തയുടെ നൂൽപ്പാലത്തിലാണ്, പഠിക്കാൻ പറ്റുമോയെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല, ബൂത്തിനെക്കുറിച്ചൊക്കെ വീട്ടിൽ സംസാരമുണ്ടായിട്ടുണ്ട്, അച്ഛന്റെ മരണശേഷം വീണ്ടും വീടിന്റെ സർവ്വപ്രതീക്ഷയും തകർന്നതിന്റെ ചാരത്തിൽനിന്നുള്ള എന്റെ ചിന്തകൾ ഫലം കണ്ടു,പിറ്റേന്ന് രാവിലെമുതൽ നടന്നുതുടങ്ങി,മൂന്നാംനാൾ സ്കൂളിലേയ്ക്ക്,വിമല സിസ്റ്റർ എവിടുന്നോ ഒരു ഊന്നുവടി കൊണ്ടുതന്നു,അച്ഛന്റെ മുത്തശിയുടെ കൈയിൽ ഉണ്ടായിരുന്നു അത്തരമൊന്ന്.

നീറ്റലുള്ള ആ കാലടികൾക്ക് പിന്നിൽ പഠിക്കാനുള്ള അദമ്യമായ ആഗ്രഹമായിരുന്നു എന്നതല്ല സത്യം അതെന്നെ സമ്പന്ധിച്ചിടത്തോളം അവസാനത്തെ പിടിവള്ളിയായിരുന്നു എന്നതാണ് വാസ്തവം,അതിലുപരി എനിക്കത് മനസിലാക്കാൻ കഴിഞ്ഞിരുന്നു എന്നതും സത്യം.അന്ന് വൈകുന്നേരം കാലിൽ ഞാൻ 5 ബാൻഡെജ് ഒട്ടിച്ചു,പിന്നീട് വടി ഉപേക്ഷിച്ചു ഞാൻ സ്വയം നടന്നുതുടങ്ങി,ജീവിതത്തെ സ്നേഹിക്കാനൊന്നും എനിക്ക് കഴിഞ്ഞിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്,വീട്ടിലെ മുറിയില്നിന്നുള്ള മോചനം എനിക്ക് പ്രതീക്ഷ നല്കുന്നുണ്ടായിരുന്നിരിക്കണം.അവിടെവച്ച് ഞാൻ ബസിൽ കയറി യാത്ര ചെയ്തു,അതും എന്റെ ആന്മവിശ്വാസം വർദ്ധിപ്പിച്ചു.

ഒടുവിൽ 2 വർഷത്തിനുശേഷം 90%മാർക്കോടെ ലഭിച്ച +2 സർട്ടിഫികറ്റാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ ഉറച്ചചവിട്ടുപടി !പിന്നെയും യാത്രകൾ ഉണ്ടായി ഒരുപാട് തനിച്ചും അല്ലാതെയും,എന്റെ മുട്ടുമടക്കാത്ത കാലടികൾ കൂടെനടക്കുന്നവർക്ക് ബുദ്ധിമുട്ടാകുമോയെന്ന ആശങ്കകളുംതുറിച്ചുനോട്ടങ്ങളും മറ്റുള്ളവരുടെ സഹതാപവുമൊക്കെ എന്റെ കാലടികളെ പലപ്പോഴും ഇടറിക്കാറുണ്ട് പക്ഷേ,എന്റെ കൈപിടിച്ച് എത്രയേറെ കൂട്ടുകാരുംപരിചയക്കാരും എന്നോടൊപ്പം നടന്നിട്ടുണ്ടെന്നറിയ്യോ !!
അത്തരം ചിലയാത്രകൾക്കൊടുവിൽ എന്റെ കണ്ണ്നിറയും ..കാരണം എന്താണെന്ന് ചോദിച്ചാൽ.... സങ്കടം കൊണ്ടല്ല എന്നേ അറിയൂ!

9 October 2013

2013 ഒക്ടോബർ 4 - ന്റെ പത്താം പിറന്നാൾ

ഇതിപ്പോൾ 2013 ഒക്ടോബർ,
പത്തുവർഷങ്ങൾക്ക് മുൻപ് അതായത് 2003 ഒക്ടോബർ,
കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ 04.10.2003, ഈ തീയതി ഞാനങ്ങനെ ഓർമ്മപുതുക്കാറൊന്നുമില്ല, എങ്കിലും ഓരോ ഒക്ടോബർ കടന്നുപോകുമ്പോഴും എപ്പോഴെങ്കിലുമൊക്കെ ചിന്തയിലേയ്ക്ക് കടന്നുവരാറുണ്ട് എന്റെ രണ്ടാം ജന്മത്തെക്കുറിച്ച് ,എന്നുവെച്ച് ആ ഒരൊറ്റ ദിവസമല്ല കേട്ടോ നിർണ്ണായകം,അതൊരു ഹ്രസ്വകാല പ്രക്രിയയായിരുന്നു എന്നതാണ് വാസ്തവം !
മനസ്സിൽ എവിടെനിന്നോ കയറിക്കൂടിയ വിശ്വാസം അന്ന് നടക്കുന്ന മേജർ സർജറിയോടെ ഞാൻ മരിക്കാൻ പോകുകയാണ് എന്നുള്ളതായിരുന്നു !ഇടതുകാലിന്റെ പാതി മുറിച്ചുമാറ്റപെടുകയാണ്,പതിവിലേറെ ഞാൻ അന്ന് ചിരിച്ചു - വർത്തമാനം പറഞ്ഞു എന്നൊക്കെ ഇളയചിറ്റ കഴിഞ്ഞ ഓണത്തിന് വന്നപ്പോൾ പറഞ്ഞു കണ്ണുനിറയ്ക്കുന്നത് കണ്ടു .
ഓപ്പറേഷൻ തിയറ്ററിന് മുൻപിൽ എനിക്ക് പരിചയമോ,കേട്ടറിവോ ഉള്ള മുപ്പതോളം മുഖങ്ങൾ,ആരെക്കെയോ എന്നോട് സംസാരിച്ചിരുന്നു ,കൂടുതലും ആശ്വാസവാക്കുകളായിരിക്കണം,അവ ചെവികളെ കെട്ടിട്ടുള്ളൂ,കാരണം എത്രയോക്കെ ധൈര്യം ഭാവിച്ചാലും ഞാനെന്ന പതിനാറുകാരിയുടെ ബോധമണ്ഡലത്തിൽ അപ്പോഴേയ്ക്കു നേർത്ത് തീവ്രമായ ഒരു സൈറൻ മുഴങ്ങിതുടങ്ങിയിരുന്നു,ആദ്യം തിയറ്ററിനോട് ചേർന്നുള്ള മുറിയിൽ !അന്ന് അനിയത്തിയ്ക്ക് ഏഴുവയസേയുള്ളൂ,അവളിങ്ങനെ ജനലിങ്കൽ വന്നുനോക്കുന്നു അപ്പോഴൊക്കെ കരച്ചിൽ തൊണ്ടയിൽ തികട്ടും,ഇടയ്ക്ക് കണ്ണുനിറഞ്ഞപ്പോൾ അന്യേഷണം വന്നു "എന്തേ കാലുവേദനിക്കുന്നുണ്ടോ ?" ഇല്ലായെന്ന് ഞാൻ തലയാട്ടി,വായ തുറക്കാൻ കഴിയില്ല അങ്ങനെ സംഭവിച്ചാൽ അതൊരു കരച്ചിയിരിക്കും.നാട്ടുകാരിയും അവിടുത്തെ(കോട്ടയം മെഡിക്കൽ കോളേജ്) ജോലിക്കാരിയുമായ കുട്ടിയമ്മചേച്ചി എന്നോടിടയ്ക്കിടെ കുശലം പറഞ്ഞു.
അടുത്ത ബെഡുകളിൽ കിടക്കുന്ന രണ്ടുചേട്ടന്മാർ തമ്മിൽ സംസാരിക്കുന്നുണ്ട്,അവരിൽ ഒരാൾക്ക്‌ അപകടത്തിനുശേഷം നടത്തുന്ന ഏഴാമത്തെയോഎട്ടാമത്തേയോ സർജറിയാണിത്‌ അനസ്തേഷ്യെയും അപകടവുമെല്ലാം അവരുടെ സംസാരത്തിൽ വന്നുപോയി,സമയം മുന്നോട്ടു പോകുകയാണ് ഞാനും ആ സംസാരത്തിന്റെ ഭാഗമായി,പിന്നെ ടെസ്റ്റ്‌ഡോസ് ഇഞ്ചക്ഷൻ വന്നു ..സൈറൻ രണ്ടുചെവിയിലും പൂർവ്വാധികം ശക്തിയോടെ മുഴങ്ങി,ശരീരത്തിൽ ചൂടു നിറഞ്ഞ് ഞാൻ പുകയുന്നതുപോലെയാണ് എനിക്കപ്പോൾ തോന്നിയത് !
തിയറ്ററിനുള്ളിൽ എന്നെ നോക്കുന്ന ഡോക്ടേഴ്സ് ഉണ്ടായിരുന്നു,കൊലുന്നനെ മെല്ലിച്ച- വെളുത്ത കോട്ടണ്‍വസ്ത്രങ്ങളുംപിന്നിക്കെട്ടിയ മുടിയ്ക്ക് മുകളിൽ ഇളംനീല നിറമുള്ള നേർത്തൊരു തൊപ്പിയുമിട്ടിരുന്ന എന്നെ അവർ സ്ട്രെച്ചറിൽനിന്നും ബെഡിലേയ്ക്ക് മാറ്റി,റെജി എന്ന് പേരുള്ള ഡോക്ടർ എന്റെ കവിളിൽ തട്ടി
"ശരണ്യ... ഏന്തേ പേടിച്ചിരിക്കുവാ ഉം....?"
പിന്നെയും അവർ ഞാൻ കേട്ടുപഴകിയ കുറെ കാര്യങ്ങൾ പറഞ്ഞു സുധാ ചന്ദ്രനെക്കുറിച്ചുംമാസങ്ങൾക്കുള്ളിൽ ലഭിക്കാൻ പോകുന്ന പുതിയ കാലിന്റെ മേന്മയെക്കുറി ച്ചുമൊക്കെ,അവരപ്പോൾ എന്റെ ഇടതുകാൽ പരിശോധിക്കുന്നു -എക്സ്റെ നോക്കുന്നുമോക്കെയുണ്ട്!
പെട്ടന്നൊരു തോന്നലിൽ ഞാൻ എഴുന്നേറ്റിരുന്നു, "മാറിപോകരുത് ഈ  കാല് "പറഞ്ഞുപോയതാണ്,കുറച്ചുമുന്പ് സംസാരിച്ച ആ ചേട്ടന്മാർ  കാലുമാറി ഓപ്പറേഷൻ നടത്തിയതിന്റെ വാർത്തയെക്കുറിച്ച് പറയുന്നത് കേട്ടിരുന്നേ ....
പിന്നെ വളച്ചുകിടത്തിയിട്ട് നട്ടെല്ലിൽ ഇഞ്ചക്ഷൻ,അരയ്ക്കു താഴേയ്ക്ക്  ശരീരമില്ലാത്തതുപോലെ തോന്നി !
അധികം വൈകാതെ വലതുകൈപത്തിയിൽ സൂചി കയറി, മരുന്നുകൾ അതിലൂടെയും ,"ഉറക്കം വരുന്നുണ്ടോ "ഇടയ്ക്കൊരു ചോദ്യം
ഇല്ലായിരുന്നു ഒരു നേരിയ മൂടൽ മാത്രം !അതിനിടയിൽ ഞാൻ കാണുന്നു സൂചിയിലൂടെ ഇപ്പോൾ മരുന്നല്ല രക്തമാണ് വീണ്ടും ഞാൻ സംസാരിച്ചു "വേണ്ട ..രക്തം കയറ്റേണ്ട "(സർജറി എന്ന് കേട്ടപ്പോൾ എന്നെ ഏറ്റവും പേടി പെടുത്തിയ ഒന്നായിരുന്നു ഇത് )
അതുപക്ഷേ ഞാൻ അനങ്ങിയപ്പോൾ കൈയിൽനിന്നും രക്തം മുകളിലേയ്ക്ക്പോയതായിരുന്നു ,അവരതെന്നെ ബോധ്യപെടുത്തി .അധികം വൈകാതെ ഒരു കോട്ടണ്‍തുണി കണ്ണുകൾക്ക്‌ മുകളിൽ വന്നു,പക്ഷേ അപ്പോഴും കിടന്നുകൊണ്ട് നോക്കുമ്പോൾ എനിക്ക് എന്റെ കാൽച്ചുവട്ടിൽ നില്ക്കുന്നവരെ കാണാമായിരുന്നു,പിന്നെ എന്തൊക്കെയോ ശബ്ദം കേട്ടു,അവർ ഒരു ബോക്സിൽ നിന്നും ഓരോന്നും എടുക്കുന്നു .ഇത്തവണ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു,
പിന്നെ കണ്ണുതുറക്കുമ്പോൾ മുന്നിൽ ഒരു വെളുത്ത പൊതികെട്ട്,ചുറ്റി കെട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്
,അതെന്റെ കാലിന്റെ ബാക്കിയാണെന്ന് മനസിലായ നിമിഷത്തിൽ ഞാൻ എഴുന്നേല്ക്കാൻ ശ്രമിച്ചു,അപ്പോഴൊക്കെ ഞാൻ പരമാവധി ഉച്ചത്തിൽ ചോദിക്കുന്നുണ്ടായിരുന്നു "എന്തിനെ ഇത്രയും മുറിച്ചു കളഞ്ഞത്,ഞാൻ പറഞ്ഞതല്ലേ ......."പിന്നെയും എന്തൊക്കെയോ പറഞ്ഞു നല്ല മൂടലുള്ള ഓർമ്മകളാണ് ,അവരും പറഞ്ഞു വീണ്ടും ആശ്വാസവാക്കുകൾ അതിലുമുണ്ടായിരുന്നു പതിവുപോലെ സുധാചന്ദ്രനും ജയ്പൂർ കാലും !