2013 ഒക്ടോബർ 4 - ന്റെ പത്താം പിറന്നാൾ
ഇതിപ്പോൾ 2013 ഒക്ടോബർ,
മനസ്സിൽ എവിടെനിന്നോ കയറിക്കൂടിയ വിശ്വാസം അന്ന് നടക്കുന്ന മേജർ
സർജറിയോടെ ഞാൻ മരിക്കാൻ പോകുകയാണ് എന്നുള്ളതായിരുന്നു !ഇടതുകാലിന്റെ പാതി
മുറിച്ചുമാറ്റപെടുകയാണ്,പതിവിലേറെ ഞാൻ അന്ന് ചിരിച്ചു - വർത്തമാനം പറഞ്ഞു എന്നൊക്കെ ഇളയചിറ്റ കഴിഞ്ഞ ഓണത്തിന് വന്നപ്പോൾ പറഞ്ഞു കണ്ണുനിറയ്ക്കുന്നത് കണ്ടു .
,അതെന്റെ
കാലിന്റെ ബാക്കിയാണെന്ന് മനസിലായ നിമിഷത്തിൽ ഞാൻ എഴുന്നേല്ക്കാൻ
ശ്രമിച്ചു,അപ്പോഴൊക്കെ ഞാൻ പരമാവധി ഉച്ചത്തിൽ ചോദിക്കുന്നുണ്ടായിരുന്നു
"എന്തിനെ ഇത്രയും മുറിച്ചു കളഞ്ഞത്,ഞാൻ പറഞ്ഞതല്ലേ ......."പിന്നെയും
എന്തൊക്കെയോ പറഞ്ഞു നല്ല മൂടലുള്ള ഓർമ്മകളാണ് ,അവരും പറഞ്ഞു വീണ്ടും
ആശ്വാസവാക്കുകൾ അതിലുമുണ്ടായിരുന്നു പതിവുപോലെ സുധാചന്ദ്രനും ജയ്പൂർ കാലും !
പത്തുവർഷങ്ങൾക്ക് മുൻപ് അതായത് 2003 ഒക്ടോബർ,
കുറച്ചു
കൂടി കൃത്യമായി പറഞ്ഞാൽ 04.10.2003, ഈ തീയതി ഞാനങ്ങനെ
ഓർമ്മപുതുക്കാറൊന്നുമില്ല, എങ്കിലും ഓരോ ഒക്ടോബർ കടന്നുപോകുമ്പോഴും
എപ്പോഴെങ്കിലുമൊക്കെ ചിന്തയിലേയ്ക്ക് കടന്നുവരാറുണ്ട് എന്റെ രണ്ടാം
ജന്മത്തെക്കുറിച്ച് ,എന്നുവെച്ച് ആ ഒരൊറ്റ ദിവസമല്ല കേട്ടോ
നിർണ്ണായകം,അതൊരു ഹ്രസ്വകാല പ്രക്രിയയായിരുന്നു എന്നതാണ് വാസ്തവം !
ഓപ്പറേഷൻ തിയറ്ററിന് മുൻപിൽ എനിക്ക് പരിചയമോ,കേട്ടറിവോ ഉള്ള
മുപ്പതോളം മുഖങ്ങൾ,ആരെക്കെയോ എന്നോട് സംസാരിച്ചിരുന്നു ,കൂടുതലും
ആശ്വാസവാക്കുകളായിരിക്കണം,അവ ചെവികളെ കെട്ടിട്ടുള്ളൂ,കാരണം എത്രയോക്കെ
ധൈര്യം ഭാവിച്ചാലും ഞാനെന്ന പതിനാറുകാരിയുടെ ബോധമണ്ഡലത്തിൽ അപ്പോഴേയ്ക്കു
നേർത്ത് തീവ്രമായ ഒരു സൈറൻ മുഴങ്ങിതുടങ്ങിയിരുന്നു,ആദ്യം തിയറ്ററിനോട്
ചേർന്നുള്ള മുറിയിൽ !അന്ന് അനിയത്തിയ്ക്ക് ഏഴുവയസേയുള്ളൂ,അവളിങ്ങനെ
ജനലിങ്കൽ വന്നുനോക്കുന്നു അപ്പോഴൊക്കെ കരച്ചിൽ തൊണ്ടയിൽ
തികട്ടും,ഇടയ്ക്ക് കണ്ണുനിറഞ്ഞപ്പോൾ അന്യേഷണം വന്നു "എന്തേ
കാലുവേദനിക്കുന്നുണ്ടോ ?" ഇല്ലായെന്ന് ഞാൻ തലയാട്ടി,വായ തുറക്കാൻ കഴിയില്ല
അങ്ങനെ സംഭവിച്ചാൽ അതൊരു കരച്ചിയിരിക്കും.നാട്ടുകാരിയും അവിടുത്തെ(കോട്ടയം മെഡിക്കൽ കോളേജ്) ജോലിക്കാരിയുമായ കുട്ടിയമ്മചേച്ചി എന്നോടിടയ്ക്കിടെ കുശലം പറഞ്ഞു.
അടുത്ത ബെഡുകളിൽ കിടക്കുന്ന രണ്ടുചേട്ടന്മാർ തമ്മിൽ
സംസാരിക്കുന്നുണ്ട്,അവരിൽ ഒരാൾക്ക് അപകടത്തിനുശേഷം നടത്തുന്ന
ഏഴാമത്തെയോഎട്ടാമത്തേയോ സർജറിയാണിത് അനസ്തേഷ്യെയും അപകടവുമെല്ലാം അവരുടെ
സംസാരത്തിൽ വന്നുപോയി,സമയം മുന്നോട്ടു പോകുകയാണ് ഞാനും ആ സംസാരത്തിന്റെ
ഭാഗമായി,പിന്നെ ടെസ്റ്റ്‌ഡോസ് ഇഞ്ചക്ഷൻ വന്നു ..സൈറൻ രണ്ടുചെവിയിലും
പൂർവ്വാധികം ശക്തിയോടെ മുഴങ്ങി,ശരീരത്തിൽ ചൂടു നിറഞ്ഞ് ഞാൻ
പുകയുന്നതുപോലെയാണ് എനിക്കപ്പോൾ തോന്നിയത് !
തിയറ്ററിനുള്ളിൽ എന്നെ നോക്കുന്ന ഡോക്ടേഴ്സ്
ഉണ്ടായിരുന്നു,കൊലുന്നനെ മെല്ലിച്ച- വെളുത്ത കോട്ടണ്‍വസ്ത്രങ്ങളുംപിന്നിക്കെട്ടിയ മുടിയ്ക്ക് മുകളിൽ ഇളംനീല നിറമുള്ള നേർത്തൊരു
തൊപ്പിയുമിട്ടിരുന്ന എന്നെ അവർ സ്ട്രെച്ചറിൽനിന്നും ബെഡിലേയ്ക്ക്
മാറ്റി,റെജി എന്ന് പേരുള്ള ഡോക്ടർ എന്റെ കവിളിൽ തട്ടി
"ശരണ്യ... ഏന്തേ പേടിച്ചിരിക്കുവാ ഉം....?"
"ശരണ്യ... ഏന്തേ പേടിച്ചിരിക്കുവാ ഉം....?"
പിന്നെയും അവർ ഞാൻ കേട്ടുപഴകിയ കുറെ കാര്യങ്ങൾ പറഞ്ഞു സുധാ ചന്ദ്രനെക്കുറിച്ചുംമാസങ്ങൾക്കുള്ളിൽ
ലഭിക്കാൻ പോകുന്ന പുതിയ കാലിന്റെ മേന്മയെക്കുറി ച്ചുമൊക്കെ,അവരപ്പോൾ എന്റെ
ഇടതുകാൽ പരിശോധിക്കുന്നു -എക്സ്റെ നോക്കുന്നുമോക്കെയുണ്ട്!
പെട്ടന്നൊരു തോന്നലിൽ ഞാൻ എഴുന്നേറ്റിരുന്നു, "മാറിപോകരുത് ഈ
കാല് "പറഞ്ഞുപോയതാണ്,കുറച്ചുമുന്പ് സംസാരിച്ച ആ ചേട്ടന്മാർ കാലുമാറി
ഓപ്പറേഷൻ നടത്തിയതിന്റെ വാർത്തയെക്കുറിച്ച് പറയുന്നത് കേട്ടിരുന്നേ ....
പിന്നെ വളച്ചുകിടത്തിയിട്ട് നട്ടെല്ലിൽ ഇഞ്ചക്ഷൻ,അരയ്ക്കു താഴേയ്ക്ക് ശരീരമില്ലാത്തതുപോലെ തോന്നി !
അധികം വൈകാതെ വലതുകൈപത്തിയിൽ സൂചി കയറി, മരുന്നുകൾ അതിലൂടെയും ,"ഉറക്കം വരുന്നുണ്ടോ "ഇടയ്ക്കൊരു ചോദ്യം
ഇല്ലായിരുന്നു ഒരു നേരിയ മൂടൽ മാത്രം !അതിനിടയിൽ ഞാൻ കാണുന്നു
സൂചിയിലൂടെ ഇപ്പോൾ മരുന്നല്ല രക്തമാണ് വീണ്ടും ഞാൻ സംസാരിച്ചു "വേണ്ട
..രക്തം കയറ്റേണ്ട "(സർജറി എന്ന് കേട്ടപ്പോൾ എന്നെ ഏറ്റവും പേടി പെടുത്തിയ
ഒന്നായിരുന്നു ഇത് )
അതുപക്ഷേ ഞാൻ അനങ്ങിയപ്പോൾ കൈയിൽനിന്നും രക്തം
മുകളിലേയ്ക്ക്പോയതായിരുന്നു ,അവരതെന്നെ ബോധ്യപെടുത്തി .അധികം വൈകാതെ ഒരു
കോട്ടണ്‍തുണി കണ്ണുകൾക്ക് മുകളിൽ വന്നു,പക്ഷേ അപ്പോഴും കിടന്നുകൊണ്ട്
നോക്കുമ്പോൾ എനിക്ക് എന്റെ കാൽച്ചുവട്ടിൽ നില്ക്കുന്നവരെ
കാണാമായിരുന്നു,പിന്നെ എന്തൊക്കെയോ ശബ്ദം കേട്ടു,അവർ ഒരു ബോക്സിൽ നിന്നും
ഓരോന്നും എടുക്കുന്നു .ഇത്തവണ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു,
പിന്നെ കണ്ണുതുറക്കുമ്പോൾ മുന്നിൽ ഒരു വെളുത്ത പൊതികെട്ട്,ചുറ്റി കെട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്
Comments