"ഞാ... നിങ്ങനാണ് ഭായ് ......"


"ടീച്ചറ് അമ്പലാണോ പള്ളിയാണോ ?"
പെട്ടന്നുവന്നൊരു ചോദ്യമായിരുന്നു അത്!
എന്റെ ഇടതുകൈമുട്ടിനോട് ചേർന്നുനില്ക്കുന്ന അർച്ചനക്കുട്ടിയുടെ കണ്മഷിവലയം ചെയ്തിരിക്കുന്ന കുഞ്ഞ്ഉണ്ടക്കണ്ണുകളുടെ നോട്ടം അപ്പോൾ എന്റെ മുഖത്തേയ്ക്ക് എത്തിനില്ക്കുന്നു!
ചോദ്യം മനസിലാക്കാനൊന്നുമില്ല,ഹിന്ദുവോ ക്രിസ്ത്യാനിയോ എന്ന് ചോദിക്കാനുള്ള അറിവില്ല അത്രതന്നെ !എന്നിട്ടും ഞാൻ വീണ്ടും തിരക്കി
"ങേ ... എന്താ ചോദിച്ചേ ?" അത് എനിക്ക് മറുപടി കണ്ടെത്താനുള്ള സമയമായിരുന്നു,
"ഞങ്ങള് മുള്ളാൻ പോയിട്ട് വന്നപ്പോളില്ലേ ഈ അന്ന പറയുവാ ടിച്ചര് പള്ളിയാന്ന്" അർച്ചനയുടെ നേർത്തുമെലിഞ്ഞശബ്ദം ഇപ്പോഴും ഉയർന്നു കേട്ടു.
പതിവുപോലെ പെൻസിൽ കടിച്ചുകൊണ്ട് അന്ന രംഗപ്രവേശം ചെയ്യുമ്പോൾ ഞാൻ ഓർമിപ്പിച്ചു. "പെൻസിൽ വായിൽ വെക്കരുതെന്നു പറഞ്ഞിട്ടില്ലേ ?"
ആദ്യം പറയാൻവന്നത് വിഴുങ്ങിപോയെങ്കിലും അന്ന അത് പറഞ്ഞു "അല്ലേ ടിച്ചരെ അതോണ്ടല്ലേ കൊന്ത ഇട്ടെക്കുന്നേ ?"

"പിന്നെ.... ഇന്നാള് ഞാൻ ഗംഗാമ്മേടെ കൂടത്തിൽ അമ്പലത്തിപോയപ്പോ ടിച്ചരെ കണ്ടാർന്നല്ലോ ?അല്ലേ ടിച്ചരെ കണ്ടില്ലേ ?" സന്ദീപിന് ആ കാര്യത്തിൽ സംശയമേയില്ല.
കുട്ടിപട്ടാളങ്ങൾ എല്ലാവരും എഴുത്തുംവായനയുമെല്ലാം നിർത്തി നോക്കുന്നു !
സ്വാഭാവികമായും ഒരു വിശാലചിരിയുടെ മറവിൽ ഞാൻ ജാഗരൂകയായി,(കുഞ്ഞുങ്ങളാണ് പറന്നുപോകുന്ന കാക്കയെ ചൂണ്ടി "അത് തത്തയാണ് ..."എന്ന് ഞാൻ പറഞ്ഞാൽ അത് പിന്നെ അങ്ങനെ തന്നെ !!കാരണം പറഞ്ഞത് ടിച്ചരാണല്ലോ ,അപ്പീലില്ല
അത് പിന്നെ അവർ എത്രപെരോട് പറയുമെന്നും നിശ്ചയമില്ല.

"എവിടെ പോയി പ്രാർഥിച്ചാലെന്താ ദൈവം ഒരാളാല്ലേയുള്ള്"
എന്റെ ഉത്തരത്തിന് മറുചോദ്യങ്ങൾ കുറെ വന്നു.അല്ലെങ്കിലും ഒന്നാംക്ലാസിലെ ചോദ്യമഴ എനിക്കിപ്പോൾ പുത്തരിയല്ല.
"അമ്മ അശ്വിനിയെ എന്താ വിളിക്കുന്നത്‌ ?"

"എന്റെ അമ്മയോ ...എന്റമ്മയെന്നെ അച്ചുക്കുട്ടീന്ന്നാ വിളിക്കണത്"
മറുപടിയ്ക്കൊപ്പം പതിവുപോലെ അശ്വിനി ഒരു തവണ കൈ രണ്ടും ഡസ്ക്കിൽ ഊന്നിക്കൊണ്ട് ചാടി.

"ങാ എന്നിട്ട് ഞാൻ അങ്ങനെയാണോ വിളിക്കണേ ....?"
"അല്ലാ ..."മറുപടി തന്നത് രസികയാണ്.

"പക്ഷേ ,അമ്മേടെ അച്ചുക്കുട്ടീം ടീച്ചറിന്റെ അശ്വിനിയും ഒരാൾ തന്നെയല്ലേ ......." രണ്ട് സെക്കണ്ട് താമസിച്ചെങ്കിലും ഒടുവിൽ തലയാട്ടി... സമാധാനം.
"ടിച്ചരെ നമ്മള് ഇതിലെ ഇങ്ങനെ പോകുമ്പോഴുള്ള അമ്പലത്തിന്റെ അവിടെ ഒരു ദൈവല്ലേ ,ആ ദൈവത്തിന് കിരീടോം കൊറേ മാലയും ഒണ്ടല്ലോ ,എന്നിട്ട് ഇശോയ്ക്കില്ലല്ലോ അങ്ങനെ "
ജോയലിന്റെ സംശയത്തിനോട് എന്നേക്കാൾ മുൻപേ പ്രതികരിച്ചത് നിഥിനായിരുന്നു "എദാ പൊത്താ അയ് തെയ്വല്ല കക്കിനികാത്തമ്മയാ ല്ലേട സന്ദീപേ ...'
"നിഥിനോട് പറഞ്ഞിട്ടില്ലേ ആരേയും പൊട്ടാന്ന് വിളിക്കരുതെന്ന്"ഞാൻ കണ്ണുരുട്ടിയപ്പോൾ അവൻ ചുണ്ടുകൾ ചേർത്തുപിടിച്ച് ഒരു ആകൃതിയിലാക്കി എന്നിട്ട് പെൻസിൽ ബെഞ്ചിന്റെ വക്കിൽ കുത്തിയോടിച്ച് ചമ്മൽ മറച്ചു.
"ജോയൽ വീട്ടിൽ ഈ യൂണിഫോo ഷർട്ട് ഇട്ടോണ്ടാണോടാ നടക്കുന്നത് ?"
"ജുണിഫോo ഇട്ടോണ്ട് നടന്നാ മ്മ തല്ലും ല്ലേ ടിച്ചരെ ...."അർച്ചനയുടെ ശബ്ദം പിന്നെയും ഉയർന്നു.
"ങാ അത്രയേ ഉള്ളൂ .... ഏതുടുപ്പിട്ടാലും ജോയൽ ജോയല് തന്നെയല്ലേ ?"
"അതേ ..........."ഉത്തരം കൂട്ടത്തോടെയായിരുന്നു.ആശ്വാസം !
"ഉടുപ്പുമാറിയിട്ടാൽ ഗായത്രിക്കുട്ടി വേറെ ഗായത്രിക്കുട്ടിയാകുമോ ?"
"സാരിയുടുക്കുമ്പോഴും നൈറ്റി ഇടുമ്പോഴും ലേഖാമ്മ തന്നയല്ലേ അർച്ചനക്കുട്ടിടെ അമ്മ ?"
അങ്ങനെ ഒന്നുരണ്ടു ചോദ്യങ്ങളും കൂടെ ചോദിച്ച് ആ സീനിനു ഞാൻ കട്ട് പറഞ്ഞു.
നെറ്റിയിൽ ചന്ദനക്കുറിയും കഴുത്തിൽ കൊന്തയുമിടുന്ന എനിക്ക് കുറേ ചോദ്യങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.
ഉദാ: "എന്തിനാ ഇങ്ങനെ ?"
2 ."കന്യാസ്തീകളുടെ കൂടെനിന്ന് പഠിച്ചെന്നുകരുതി നീയെന്തിനാ പെണ്ണേ ഈ കൊന്തേം ഇട്ടോണ്ട് നടക്കണേ,അത് വേണ്ട കൊച്ചെ ..."
3 . "ഉം ... എന്നതാടി കഴുത്തെലൊരു കൊന്തയൊക്കെ അച്ചയന്മാരെവല്ലോം കണ്ടു വെച്ചിട്ടുണ്ടോടി ?
4 .കൊന്തയിടുമ്പോൾ എന്തിനാ കുട്ടി ഈ കുറിയൊക്കെ അതിലൊന്നും ഒരു അർഥവുമില്ല
----------------
ഞാൻ ഏതെങ്കിലും വിശ്വാസത്തിന്റെ നിയത പാതയിലേയ്ക്ക് കയറാൻ വെമ്പൽകൊള്ളുന്നില്ല.എന്റെ വിശ്വാസങ്ങൾ എനിക്ക് വേണ്ടിയുള്ളതാണ് ------ എന്റെ മനോബലം,-മറ്റൊരാളുടെയും സർട്ടിഫിക്കറ്റു ആവശ്യമില്ലാത്തത് .

"എന്റെ മാതാവേ
ഭഗവതി, അരീത്ര വെല്ലിച്ചാ ഓരോ നിമിഷത്തിലും കൂടെയുണ്ടാവണേ
തെറ്റുകൾ പൊറുത്ത് നല്ല വഴിയെ നടത്തണേ...
തിക്ത്താനുഭവങ്ങളൊന്നു ഉണ്ടാകരുതേ ....
എല്ലാവരെയും കാത്തുരക്ഷിക്കണേ ന്റെ ഏറ്റുമാനുരപ്പാ ...."

ഇങ്ങനെ പ്രാർഥിച്ചാണ് ഞാനെന്നും വീട്ടിൽനിന്ന് ഇറങ്ങാറ് ,എന്റെ മനസ് അതിന്റെ ധൈര്യത്തിനായി എന്നോ ചേർത്തുവച്ച പ്രാർഥന

Comments

ajith said…
കുഞ്ഞുങ്ങള്‍ക്ക് വെളിച്ചം പകര്‍ന്നുകൊടുക്കുകയാണല്ലോ. നന്മ വരട്ടെ!!

Popular posts from this blog

ഓസ്കാർ

പഴംചുട്ടതുംഞാനും

അറിയാതെ മറന്നു പോയ ചില വരികള്‍ ... ഈണങ്ങള്‍....