അമര്‍ച്ച

                                                                          കറുത്ത്-കനത്ത ബാഗിന്‍റെ സിബ് ആയാസപ്പെട്ട്‌ വലിച്ചിടുന്ന അപ്പുവിന്‍റെ മുഖം ആ ഇരുട്ടില്‍ എനിക്ക് അവ്യക്തമായിരുന്നു ! അതെ .. പഴയതുപോലെ ആ അഗ്നിഗോളം എന്‍റെ അടിവയറ്റില്‍ നൃത്തം ആരംഭിച്ചിരിക്കുന്നു."എനിക്കറിയാം നിനക്കിപ്പോള്‍ വേദനിക്കുണ്ടെന്ന് "അപ്പുവിന്‍റെ ശബ്ദത്തില്‍ നനവുണ്ടോ ?
തലയിണയിലെയ്ക്ക് വേദന അമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ആശ്വസിപ്പിക്കുംവിധം "ഹേയ് ... സാരമില്ല " എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു,അതിനു ശബ്ദം ലഭിച്ചിരുന്നോയെന്നു നിശ്ചയംപോരാ.


"നമുക്കിത് അല്പം തുറന്നുവെയ്ക്കാം..." വീണ്ടും അവന്‍റെ ശബ്ദം "അരുത് " മനസിന്‍റെ കുതിപ്പിനൊപ്പം ഞാന്‍ അവന്‍റെ കൈകളെടുത്തു എന്നിലേയ്ക്ക് ബന്ധിച്ചു.ഇതിനുള്ളില്‍ ഞങ്ങളുടെ പ്രണയമുണ്ട്,സ്വപ്നങ്ങളുണ്ട് ...അതിന്‍റെ ഒരംശംപോലും നഷ്ട്ടപെടരുത്,ഓരോ തവണയും അവ സ്വരുക്കൂട്ടി അടച്ചുവെയ്ക്കുമ്പോള്‍ ഞാനൊരു വേദനയുടെ അഗ്നികുംഭമാകുന്നു,തുറക്കുന്തോറും ആ നോവില്‍നിന്നു ഞാന്‍ മുക്തയാവുകയും ചെയ്തുകൊണ്ടിരിക്കുകയാണ്  , അവയ്ക്ക് ഒന്നും സംഭവിക്കാന്‍ പാടില്ല, കൈകള്‍ കൂടുതല്‍ ശക്തിയായി വയറിലേയ്ക്ക് അമര്‍ത്താനുള്ള തിടുക്കാത്തിനിടയിലാവണം വലതുകൈമുട്ട് ഭിത്തിയില്‍ ഇടിച്ചത്,അവിടെനിന്നൊരു നേരിയ വിദ്യുത്പ്രവാഹമോ??

ഓ ... ഞാനിപ്പോള്‍മാത്രമാണല്ലോ കണ്ണുതുറന്നത്......?!,മുറിഞ്ഞുപോയ സ്വപ്നത്തിനൊപ്പം ആ ബാഗ് മറഞ്ഞുപോയിരിക്കുന്നു,പക്ഷേ വേദന !! ലൈറ്റ് ഓഫ് ചെയ്‌തിട്ടില്ല, അപ്പു ലാപ്ടോപ്പില്‍ മിഴിനട്ട്  ബെഡിന്റെ ഒരറ്റത്തിരിക്കുന്നു "എന്തേ ?" തിരിഞ്ഞുനോക്കാതെയാണ്‌ അന്വേഷണം,മറുപടി പറയാന്‍ തോന്നിയില്ല,സ്റ്റേയ്ഫ്രീ പായ്ക്കില്‍ നിന്നും കനംകുറഞ്ഞ പാഡ് തിരഞ്ഞെടുത്ത് ടോയ്ലറ്റിലേയ്ക്ക്‌ നടക്കുമ്പോള്‍ വീണ്ടും ചോദ്യം "ഇത്തവണ നെരത്തെയാ ?",മറുപടി പ്രതീക്ഷിക്കുന്നുണ്ടാവുമോയെന്ന് തോന്നിയില്ല,കണക്കുകള്‍ കൂട്ടിക്കിഴിച്ച്അപ്പു തന്‍റെ ,അല്ല ഞങ്ങളുടെ സ്വപ്നത്തിലെ കുഞ്ഞിക്കാലുകളിലെയ്ക്ക് ഈ  ചുവന്നപാത നീട്ടിവരച്ചിരിക്കുകയാണ്, ഉയര്‍ച്ചയുടെ ഓരോ പടികളിലും എത്തുമ്പോള്‍ അവന്‍ അത് മുകളിലേയ്ക്ക് നീട്ടിവരയ്ക്കും,"അതുമതി അല്ലേ ?"അനുവാദമോ അഭിപ്രായമോ വേണ്ടാത്ത ആ രണ്ടു വാക്കുകളും.


തിരികെവന്ന് ബെഡിലെയ്ക്ക് ഇരിക്കുമ്പോഴാണ് അതിശയകരമായ ആ കാഴ്ച,അപ്പുവിന്‍റെ ചിരി ,കോളേജ് ലൈബ്രറിയിലെ പുസ്തകങ്ങള്‍ക്കിടയിലൂടെ പണ്ട് കടന്നുവന്നിരുന്നില്ലേ ? ആ ചിരി ,അതേപോലെതന്നെ  !!ഒരു കുതിപ്പിന് അടുത്തെത്തി ചേര്‍ന്നിരിക്കുമ്പോള്‍ ഞാന്‍ പറയുന്നുണ്ടായിരുന്നു "അപ്പു .. ഞാനൊരു സ്വപ്നം കണ്ടു ഒരു ബാഗ്‌ ,അതില്‍ ..........."പെട്ടന്ന് അവന്‍ ചിരിക്കുകയാണല്ലോ,ഉറക്കെ "നീയിപ്പോള്‍ ഉറങ്ങ്‌ സോഫീ, നിന്‍റെ പൊട്ടത്തരങ്ങള്‍ കേട്ടിരുന്നാല്‍ ഈ വര്‍ക്കിന്നു തീരില്ല ........."
 

കണ്ണുകളടയ്ക്കുമ്പോള്‍ ഞാന്‍ വീണ്ടും ആ ബാഗ്‌ തിരഞ്ഞു "നാളെ വെഡിങ്ങ് ആനുവേഴ്സറി ആയിട്ട് എന്താ ഗിഫ്റ്റ് വാങ്ങേണ്ടത് " ഭൂമിയുടെ മറുപുറത്ത്‌ നിന്നാണോ അപ്പു സംസാരിക്കുന്നത് ?എങ്കിലും ഞാന്‍ മറുപടി പറഞ്ഞുകൊണ്ടേയിരുന്നു 
'നീ എനിക്കായ് കരുതിയ-പോക്കറ്റില്‍കിടന്ന് പതിഞ്ഞുപോയ ആ മില്‍ക്കീബാറിന്റെ ഒരു തുണ്ട്,വെയിലിലെ തണുപ്പുകാറ്റിനുള്ളിലൂടെ ഞാന്‍ നിന്‍റെ കഴുത്തില്‍നിന്നും ഒപ്പിയെടുത്തിരുന്ന ആ ഗന്ധം പിന്നെ ...പിന്നെയും എന്തൊക്കെയോ " കണ്‍പോളകള്‍ കവിഞ്ഞുവരുന്ന തുള്ളികള്‍ എന്‍റെ ഏതോ നനുത്ത സ്വപ്നംപോലെ... അല്ലേ ?,പാടില്ല നഷ്ട്ടപെടരുത് ഒരംശംപോലും നഷ്ട്ടപെടരുത് ..ഞാന്‍ അമര്‍ത്തിപിടിക്കുകയാണ് പൂര്‍വാധികം ചിലമ്പിച്ചയോടെ .......

Comments

അഭിലാഷ് പരിചയപ്പെടുത്തി.വായിച്ചു.ഭാവുകങ്ങള്‍ .

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................