പടിഞ്ഞാറുനിന്ന് കിഴക്കോട്ട്

"യെന്തോന്നാടി കത്രി ആ കരിയലയോക്കെ ചിക്കിചികയണേ ?കമ്മലുവല്ലോം കളഞ്ഞുപോയാ ?"
നിന്നനിപ്പില്‍ കത്രിക്കുട്ടി തലതിരിക്കുമ്പോഴെയ്ക്കും മാത്തന്‍
കുത്തുകല്ല്കയറി മുറ്റത്തെത്തിയിരുന്നു.
"ഞാന്‍ രണ്ടു കണ്ണിമാങ്ങാ കിട്ടുവോയെന്ന് തെരഞ്ഞതാണ് ...ഒരു ചമ്മന്തിയരച്ചാല്‍
ചെറക്കനെ പള്ളിക്കൂടത്തില്‌ പറഞ്ഞയക്കാവല്ലാ ......"
പറമ്പില്‍നിന്നും മുറ്റത്തേയ്ക്ക് കയറുന്നതിനിടയില്‍ അവള്‍
കൂട്ടിചേര്‍ത്തു "നമ്മടെ നാട്ടിലെ പഞ്ചാരമണലിലെയ്ക്ക്
വീഴണപോലല്ലല്ലാ കൊച്ചണ്ണാ ഈ റബ്ബര്‍കാട്ടില് ....."

കൈയിലിരുന്ന സഞ്ചികള്‍ പെങ്ങളെ എല്പ്പിക്കുമ്പോള്‍ മാത്തന്‍
പിറുപിറുക്കുംപോലെ പറഞ്ഞു"അമ്മച്ചി
തന്നയച്ചതാണ്പെണ്ണെ ....ഓണക്കചെമ്മിനോക്കെയാണെന്ന് തോന്നണ് "
"ഓ... എന്നതൊക്കെ ആണെങ്കിലും പിടീന്ന് തീരൂന്നെ,ഇവിടെയെന്നും പുഴുക്കുവേണം
അതിപ്പോ കപ്പയായിട്ടും ചക്കയായിട്ടും ചേമ്പായിട്ടും ...."
മാത്തന്‍ ശബ്ദമുണ്ടാക്കി ചിരിച്ചു
"
കോട്ടയത്തുനിന്ന്  വര്‍ക്കിച്ചന്റെ ആലോചന വന്നപ്പോ നുമ്മടെ അപ്പന്‍ പറഞ്ഞതോര്‍മയുണ്ടാ ,
കിഴങ്ങ്മാന്തിയാലും ചുട്ട് തിന്നാവാല്ലാ.. നീയ് പട്ടിണി
കെടക്കത്തില്ലല്ലോന്നു "
"ഓ ...പിന്നെ പടിഞാട്ടയ്ച്ചവരൊക്കെ പട്ടിണിയാണല്ല് ...ഇതൊന്നുമല്ല ഒരാള്
കിഴക്കും പോട്ടെടി .. ഇടയ്ക്കുപോയി മലച്ചരക്ക് കൊണ്ടുവരാമല്ലോയെന്ന് അപ്പന്‍
അമ്മച്ചിയോട്‌ പറയണത് ഞാന്‍
കേട്ടതാണ്....കൊച്ചണ്ണന്‍ വല്യവര്‍ത്തമാനം പറയെന്നുംവേണ്ടാ"

"ഓ ..അതെന്തെങ്കിലും ആകട്ട്‌ വര്‍ക്കിച്ചനില്ലേ അകത്ത് "
മാത്തന് പെങ്ങളുടെ മുഖംകറക്കുന്നതിനോട് തീരെതാല്പര്യം ഉണ്ടായിരുന്നില്ല .
"അങ്ങേര് കാലത്തെ റബ്ബര്‍കത്തിയുംകൊണ്ട്‌ ഇറങ്ങിയതാണ്, അണ്ണന്‍ വല്ലതും
കഴിച്ചാ "
"ഇല്ലാ ......" ഉമ്മറത്തു ചാരിയിരിക്കവേ അയാളുടെ കണ്ണുകള്‍
തെക്കേമുറ്റത്ത് ഉണക്കാനിട്ടിരുന്ന റബ്ബര്‍ഷീറ്റുകളില്‍ ഉടക്കി.
"കപ്പ തിളയൂറ്റി ഇട്ടെക്കുവാ, അരപ്പുചേര്‍ത്ത് ഒടച്ചാമതി"

"ചട്ടിയൊക്കെയൊന്ന് ചൂടാക്കിക്കൊ ....." മാത്തന്‍ വീണ്ടും ചിരിച്ചു.
"ഓ.. എന്തോന്ന് ചട്ടി, ഞാന്‍ വീതത്തിന്റെ കാര്യം പറഞ്ഞപ്പോ നാത്തൂന്‍ പറഞ്ഞത്
അണ്ണന്‍ അറിയാത്തിരിക്കാന്‍ വഴിയില്ലല്ലാ .........."
കത്രിയുടെ മുഖം മാറാന്‍തുടങ്ങിയതും മാത്തന്‍ വീണ്ടും ഇടപെട്ടു
"അതൊക്കെ ശരിതന്നെ ന്നാലും നിന്‍റെ കൈപ്പുണ്യത്തിനെപ്പറ്റി അവളെന്നുംപറയും
കേട്ടാ..., നീ വെക്കണ ഇറച്ചിക്കറീം അപ്പോം "
കത്രിയുടെ മുഖത്ത് പൂനിലാവ് പരന്ന പ്രതീതി
" അതൊക്കെ നുമ്മടെ മനസിന്‍റെ നന്മയാണ് കൊച്ചണ്ണാ .......പോത്ത്ഒലത്തിയതു
ഇരിപ്പുണ്ട് , അണ്ണന് പന്നിയല്ലേ ഇഷ്ട്ടം ചെറക്കനെവിട്ട് ചന്തെന്നെങ്ങാനും
മേടിപ്പിക്കാം "

കത്രി അകത്തേയ്ക്ക് നടന്നുകഴിഞ്ഞിരുന്നു.
മാത്തന്‍ ഒന്നുകൂടി ചാരിയിരുന്നു -
"പെങ്ങളായാലും കേട്ടിയോളായാലും ഇത്രയേഉള്ള്...പെണ്ണല്ലേ ഇനം ...."
പിറുപിറുക്കുന്നതിനോടൊപ്പം അയാള്‍ ശബ്ദമില്ലാതെ ചിരിച്ചു,
പിന്നെ തൊഴുത്തിനോടു ചേര്‍ന്നുള്ള മുറിയിലെ ചാക്കുകളിലെയ്ക്ക് പാളിനോക്കി
കാച്ചിലുംചേമ്പും കുരുമുളകുമൊക്കെയായി നാളെ എത്ര ചക്കുകളാകും
ചേര്‍ത്തലയ്ക്കുള്ള ബസിലേയ്ക്ക് വര്‍ക്കിയളിയന്‍ എടുത്തുവച്ചു തരിക???!

Comments

ajith said…
"പെങ്ങളായാലും കേട്ടിയോളായാലും ഇത്രയേഉള്ള്...പെണ്ണല്ലേ ഇനം ...."

പിന്നെ പിന്നേ...അതൊക്കെ പണ്ട്

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................