ഇവള്‍ എന്ന അവള്‍!!

                   ലതുകൈയുടെ ചലനം തികച്ചും യാന്ത്രകമായിക്കഴിഞ്ഞിരുന്നു അപ്പോള്‍...വെളുത്ത പ്രതലത്തില്‍ കറുത്തമുദ്രകള്‍നല്‍കി തെന്നിതെന്നി നിങ്ങുന്ന പേനയ്ക്കും തുറന്നുവെച്ചിരിക്കുന്ന പുസ്തകത്തിലെ വളരെ ചെറിയ അക്ഷരങ്ങള്‍ക്കുമിടയിലെ ബന്ധം മുറിഞ്ഞുതുടങ്ങിയോ? കണ്ണുകള്‍ സ്വതന്ത്രമായി പുകയുകയാണ്,നിദ്രയുടെ ആദ്യവിളി മുതല്‍ അവര്‍ അവളിലേയ്ക്ക് അലിഞ്ഞുതുടങ്ങിയിരിക്കാം.... വരുവാനിരിക്കുന്ന പ്രഭാതത്തില്‍ ഇനിയും മുദ്രകള്‍ പതിയേണ്ട ആ കടലാസുകള്‍ക്കുള്ള പ്രാധാന്യം മനസിലാക്കുന്നതിനാലാവാം ബോധമണ്ഡലം ഉണര്‍വിനെ കൈവിടാതിരിക്കുവാന്‍ ഇത്രയധികം പരിശ്രമിക്കുന്നത്...!!

വെളിച്ചം നേര്‍ത്ത്നേര്‍ത്തു വരികയാണ്............പാളിച്ചകളു
ള്ള മങ്ങിയ ഒരു മഞ്ഞവെളിച്ചം മാത്രമായി അത് അവശേഷിക്കുന്നു അഥവാ കണ്ണുകള്‍ അത്രമേല്‍ നിദ്രയോട് ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നു!!
"എന്നെ ഓര്‍മിക്കാതെ നീ ഇന്നും ഉറങ്ങിയല്ലേ.........?"
 കാതില്‍ ഒരു പെണ്‍കുട്ടിയുടെ ശബ്ദം!! അത്രയും നേര്‍ത്ത ഒന്ന് ആദ്യമായാണ്‌ ഞാന്‍ കേള്‍ക്കുന്നത് !!ബോധമണ്ഡലത്തില്‍ നിന്നുള്ള ഉണര്‍വിന്‍റെ  അവസാനപടികളില്‍ നിന്നുകൊണ്ട് ആ ശബ്ദത്തെ  ഭൂതകാലവുമായി  കണ്ണിചെര്‍ക്കാനുള്ള വിഫലശ്രമത്തിനൊടുവില്‍ ആ ചോദ്യത്തിന്‍റെ മുന്നിലേയ്ക്ക്തന്നെ ഞാന്‍ എത്തിപ്പെട്ടിരിക്കുകയാണ് !!


"എന്‍റെ വാക്കുകളെ നീ പലപ്പോഴും  ശ്രദ്ധിക്കാറെയില്ല....."
അവളുടെ ശബ്ദത്തിനു  ഇപ്പോള്‍ കൂടുതല്‍ വ്യക്തത!!
"നീ ...നിന്‍റെവാക്കുകളോ ? എനിക്ക് നിന്നെ അറിയില്ലല്ലോ കുട്ടി.. ??!!"
 എനിക്ക് ചിരിവന്നു....,പെട്ടന്ന്   തൊട്ടുപുറകില്‍ ഒരു ചലനം,പട്ടുപുടവയുടെ ഉലച്ചില്‍പോലെ  .....അതെ, അതങ്ങനെ തന്നെ കഥകളിലെ രാജകുമാരിയുടേത്പ്പോലെയായിരുന്നു അവളുടെ ആ നീളന്‍ ഉടുപ്പ്!! സ്വര്‍ണ്ണനിറമായിരുന്നില്ലയെന്നുമാത്രം ,തിളങ്ങുന്ന ചന്ദ്രനെപ്പോലെ....!! മറ്റു ചമയങ്ങലോ വിഭൂഷണങ്ങളോ കാണുന്നില്ല!!
"എത്ര നാളുകളായി ഈ ക്കൂടികാഴച്ച ഞാന്‍ആഗ്രഹിക്കുന്നുവെന്നോ.....?!!",അവളുടെ കണ്ണുകളിലും വെള്ളിരാശിയുടെ ഒരു മിന്നലാട്ടം!!                       "എന്നെ കാണുവാനോ?....."എനിക്ക് അതിശയം തോന്നുന്നതില്‍ തെറ്റുണ്ടോ??!! 

"ഞാനുംനീയും എന്നത് കാലത്തിന്‍റെ ബോധപൂര്‍വ്വമല്ലാത്ത  ഒരു വേര്‍തിരിക്കല്‍ മാത്രമല്ലേ പാറൂ    ............."അവളുടെ വാക്കുകളില്‍ സഹാനുഭുതിയുടെ ഊഷ്‌മളതയോ ???!!  "രഹസ്യമായിട്ടുള്ള എന്‍റെ ഈ ചെല്ലപ്പേര് നീ എങ്ങനെയറിഞ്ഞു"  ഇത്തവണ എന്‍റെ കണ്ണുകള്‍ ആവും വിടര്‍ന്നത്!!
"നിന്‍റെ പേരുകളില്‍ ഞാന്‍ ഏറെ ഇഷ്ട്ടപെടുന്നത് ഇതാണ്,നീയും!!"പറഞ്ഞു നിര്‍ത്തിയിട്ട് കണ്ണിന്‍റെ കോണുകള്‍കൊണ്ട് എന്നെ നോക്കി അവള്‍ ചിരിക്കുന്നു!! "ഞാന്‍...ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ ഒരിക്കലും!" സത്യമാണ് അങ്ങനെ ഞാന്‍ പറഞ്ഞിട്ടേയില്ല!!
"അതെ നീ ആരോടും പറഞ്ഞിട്ടില്ല എന്നോടൊഴികെ........." അവളുടെ കൈയില്‍ എവിടെനിന്നോ ഒരു ഭംഗിയുള്ള ഒരു കുട !!  അത് മെല്ലെ കറങ്ങുന്നുണ്ട്!!   "കണ്ടോ ഞാന്‍ പറഞ്ഞതിന്‍റെ തെളിവ്??!!" അവള്‍ കണ്‍കോണുകള്‍  ഇപ്പോള്‍ ആ വെള്ളിക്കുടയുടെ നേരെയാണ് തിരിഞ്ഞിരിക്കുന്നത്!! വീണ്ടും അവള്‍ "നിനക്കയിമാത്രമല്ല ഇതു എന്റെയും തണലാണ്‌ "

"എന്തിനെ ഇങ്ങനെ പരസ്പ്പര ബന്ധമില്ലാതെ സംസാരിക്കുന്നത്.........??"എന്‍റെ ശബ്ദത്തില്‍ നീരസത്തിന്റെ  ധ്വനി  വ്യകതമാണ് !!
"കണ്ടോ... ഇപ്പോള്‍ തന്നെ എന്‍റെ വാക്കുകള്‍ നിന്നില്‍ അസ്വസ്തതയുണ്ടാക്കിയിരിക്കുന്നു ........."
അവളുടെ കണ്ണുകളിലെ ചന്ദ്രന് തിളക്കം കുറഞ്ഞുവോ?!! വേണ്ടിയിരുന്നില്ല...അവളോട്‌ എത്ര കടുപ്പിച്ചു പറയേണ്ടിയിരുന്നില്ല.
"ക്ഷമിക്കൂ... നീ പറയുന്നതൊന്നും എനിക്ക്............", എന്‍റെ  വാക്കുകള്‍ക്ക് ആദ്യമറുപടി തിളക്കം കുറഞ്ഞൊരു  ചിരിയായിരുന്നു,വീണ്ടും പുടവകള്‍ ഉലയുന്ന സീല്‍ക്കാരം; ഇപ്പോള്‍ അവള്‍  തൊട്ടുമുന്നില്‍ ആ വിജന നിശബ്ദതയുടെ തുരുത്തില്‍ നേര്‍ത്തൊരു നിശ്വാസത്തിന്റെ ഊഷരവായു എന്‍റെ കവിളില്‍തട്ടി ചിതറി !!             "നിന്നെ പൂര്‍ണ്ണമായും  കുറ്റപ്പെടുത്തില്ല ഞാന്‍...."               ആ നേരിയശബ്ദത്തില്‍ വീണ്ടും സഹതാപം കലര്‍ന്നിട്ടുണ്ടോ?? എന്‍റെ മൌനത്തെ അവള്‍ പഠിക്കുന്നതുപോലെ....!!

ഇപ്പോള്‍ എന്‍റെ വലതുകൈത്തലം അവളുടെ കൈകള്‍ക്കുള്ളിലാണ് ,സുഖമുള്ളൊരു തണുപ്പ് കൈത്തലതിലെയ്ക്ക് അരിച്ചിറങ്ങുന്നത്  സ്പഷ്ട്ടമായ് അറിയുന്നുണ്ട്....!!

"വീട്ടില്‍ നിന്നും വിളിച്ചപ്പോള്‍, നീ ഇതുവരെ കാണാത്ത  പൂച്ചക്കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടുവല്ലെ....??!" എന്‍റെ കൌതുകം പീലിവിടര്‍ത്തുംമ്പോഴെയ്ക്കും ചോദ്യത്തിന്‍റെ ബാക്കിയെത്തിയിരുന്നു  "അപ്പോള്‍ നിനക്കാദ്യം തോന്നിയതെന്തായിരുന്നു??!!"
"ആദ്യം തോന്നിയത്..... ങാ... ആദ്യം മനസ്സില്‍ തോന്നിയിരുന്നു ആഴ്ചാവസാനം വീട്ടിലൊന്നു പോകാമെന്ന്,പക്ഷെ...അത് ശരിയാവില്ലല്ലോ ?!!!, കൃത്യസമയത്ത് പ്രൊജക്റ്റ്‌  പൂര്‍ത്തിയാക്കാന്‍  കഴിഞ്ഞില്ലെങ്കിലോ.??!"
          എന്‍റെ വാക്കുകളുടെ ഗതിയ്ക്ക് അല്പം വേഗത കൂടിപ്പോയിരുന്നോ ??!!അവളുടെ ദ്രിഷ്ട്ടി എന്‍റെ കണ്ണുകളിലേയ്ക്ക് പതിഞ്ഞു നില്‍ക്കുകയാണ് ......!!
    "നിന്‍റെ ആദ്യത്തെ ആ തോന്നലുകളായിരുന്നു  എന്‍റെ വാക്കുകള്‍"
ശബ്ദംപോലെത്തന്നെ അവളുടെ കണ്ണുകള്‍ക്കും പഴയ വെണ്മയുടെ തിളക്കം!!
എന്‍റെ തോന്നലുകള്‍ അവളുടെ വാക്കുകളായിരുന്നെന്നോ??!! അങ്ങനെയെങ്കില്‍ ഇവള്‍................????!!



"വരൂ... നിനക്കായി ഇനിയും കാഴ്ചകള്‍ ബാക്കികിടക്കുന്നു.." ശബ്ദത്തിനൊപ്പം ഞങ്ങള്‍ നിന്നിരുന്ന കരയോട് ചേര്‍ന്നൊഴുകുന്ന വലിയൊരു അരുവിയിലെയ്ക്ക് അവള്‍ പാദം ചവുട്ടിക്കഴിഞ്ഞിരുന്നു,,...... ജലകണങ്ങള്‍ അവളുടെ ചലനങ്ങളോട് പൊട്ടിച്ചിരിക്കുന്നതിന്റെ പതിഞ്ഞ ശബ്ദം കേള്‍ക്കാം!!എനിക്ക് വീണ്ടും എന്തൊക്കെയോ അവളോട്‌ ചോദിക്കാനുണ്ടായിരുന്നു!!വാക്കുകള്‍ കിട്ടാത്ത കുറെ സംശയങ്ങള്‍!!


"വരൂ.................." അവള്‍ പിന്തിരിഞ്ഞുനില്‍ക്കുകയാണ് !!
"നീ ഇവിടം അറിയില്ലേ??!! വീണ്ടും ജലകണങ്ങളോടൊപ്പം  അവളുടെ ശബ്ദം!!
അപ്പോള്‍ മാത്രമാണ് പരിസരത്തെക്കുറിച്ച്  ഞാന്‍ ചിന്തിക്കുന്നത്!! അരുവിയിലെ ജലത്തില്‍ അവളുടെ കൃഷ്ണമണിപോലെ തിളങ്ങി നില്‍ക്കുന്ന ചന്ദ്രബിംബം............അവളുടെ വസ്ത്രങ്ങള്‍ പോലെതന്നെ അന്തരീക്ഷവും വെണ്മയുടെ പാലഭിഷേകത്തില്‍ മുങ്ങിനില്‍ക്കുന്നു,ഏതോ ശിശിരവനത്തിലെപ്പോലെ  ഇലകൊഴിച്ചു  നില്‍ക്കുന്ന പേരറിയാത്ത മരങ്ങള്‍!!

"അതെ... എനിക്കറിയാം ഞാന്‍ എപ്പോഴൊക്കെയോ ഇവിടം കണ്ടിട്ടുണ്ട്!!" എന്‍റെ ആഹ്ലാദത്തിന്റെ നേര്‍ത്ത അംശത്തെ തിരിച്ചറിഞ്ഞാകാം,മനോഹരമായ ചിരിയോടൊപ്പം  അവള്‍ പറയുന്നു "കഴിഞ്ഞദിനത്തിലും  ഈ സമയം നിന്നെ ഞാന്‍ ഇവിടെ കൊണ്ടുവന്നിരുന്നു!".
ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിക്കവേ, ഏകദേശം അവളെപ്പോലെ വേഷവിധാനം ചെയ്ത ഒരു രൂപം അരുവിയുടെ  എതിര്‍ദിശയില്‍ നിന്നും തിടുക്കത്തില്‍നടന്നുവന്ന്  ഞങ്ങളെക്കടന്നുപോകുന്നു!!
അരുവിയിലെ വെള്ളത്തിലുണ്ടായ   നേര്‍ത്ത തിരയിളക്കത്തിനോപ്പം  ഞാന്‍ അന്യേഷിച്ചു  "ആരാണത്........?"
വീണ്ടും തിരിഞ്ഞു മുന്നോട്ടു നടക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു "എന്നെപ്പോലെ ഒരുവന്‍, തന്നെ പിന്തുടരാന്‍ കഴിയാതെ ലഹരിക്കടിപ്പെട്ടു ശയിക്കുന്ന ശരീരത്തിലേയ്ക്ക് അവന് എത്രയും വേഗം തിരിച്ചെത്തെണ്ടിയിരിക്കുന്നു".അവള്‍ നയിക്കുന്ന ദിശയിലേയ്ക്ക് നടന്നു തുടങ്ങുമ്പോള്‍ ആകാംഷയടക്കാന്‍ കഴിയാതെ ഞാന്‍ അന്യേഷിച്ചുപോയി   "നിങ്ങളെപ്പോലെ ഇനിയും ആളുകളുണ്ടോ??"

"ഭൂമിയില്‍  എത്ര മനുഷ്യരുണ്ടോ അതിന്റെ തുല്യആനുപാതം ഇവിടയുമുണ്ട് , ഇപ്പോള്‍തന്നെ ശ്രദ്ധിച്ചാല്‍ കുറെ തേങ്ങലുകളുടെ ശബ്ദം കേള്‍ക്കാം"
ചെവി കൂര്‍പ്പിക്കുമ്പോള്‍ എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്,പക്ഷെ അവയെ വേര്‍തിരിച്ചു തിരച്ചറിയാന്‍ കഴിയുന്നില്ല;"തേങ്ങലുകളോ ............"ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം!!
 "തങ്ങളുടെ ശരീരങ്ങള്‍ തീര്‍ത്തും അവഗണിച്ചുകളഞ്ഞ  മനസുകളുടെ എണ്ണത്തിന്റെ ബാഹുല്യത്തില്‍ അതിശയോക്തി തോന്നുന്നുണ്ടോ നിനക്ക്?"
                             തണുത്തജലത്തില്‍ കാലുകള്‍ ഉറഞ്ഞുപോയപോലെയൊരു പ്രതീതി!!


അവളുടെ മുഖം  വീണ്ടും എനിക്കഭിമുഖമായി "നിന്നെയും ഞാന്‍ കരയിച്ചിട്ടുണ്ടോ?"എന്‍റെ ശബ്ദത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നത് അനുകമ്പയോ,കുറ്റബോധമോ അതോ അതിനുമപ്പുറമെന്തക്കയോ... അറിയില്ല!
അവള്‍ ചിരിക്കുന്നു തെല്ലുറക്കെതന്നെ !!
"ഞാന്‍ പറഞ്ഞിട്ടാണോ നീയത്  അറിയേണ്ടത്?, ഒരുപിടി സമ്മര്‍ദ്ധങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും വേണ്ടിമാത്രം ഉഴിഞ്ഞു വെയ്ക്കെണ്ടാതാണോ ജീവിതം അവിടെയൊക്കെ നഷ്ട്ടപെടുന്നത് എന്താണോ അതല്ലേ  ജീവിതം ?? മനസിനും മനസാക്ഷിയ്ക്കും നീ എന്നെങ്കിലും മറുപടി കൊടുക്കേണ്ടി വരില്ലേ ഇതുപോലെ??!ജീവിതത്തിന്‍റെ  വഴിത്തിരിവുകളില്‍ നീ എന്നെ കേള്‍ക്കാതെ കടന്നു പോയിട്ടുണ്ടോ??  ഓര്‍മിച്ചു നോക്കരുതോ?," അവളുടെ വാക്കുകളില്‍ കുസൃതിയുംപരിഭവവും!!

പെട്ടന്നൊരു ശബ്ദം അത് നിലയ്ക്കാതെ തുടരുകയാണ്,ഒരു  കാഴ്ച്ചയില്‍ മെഴുകു പ്രതിമപോലെ അവളുടെ മുഖം ഉരുകിയലിഞ്ഞ്  ഒഴുകുകയാണ്!!  പാശ്ചാത്തലതിരശീല മാറിമറിഞ്ഞിരിക്കുന്നു!!
"എന്തെടി എഴുന്നെക്കണില്ലേ എഴുതിക്കഴിഞ്ഞിട്ട ഉറങ്ങീത്"
അത് ആ നേര്‍ത്ത ശബ്ദമല്ല എന്‍റെ സഹപാഠി അന്സിലയാണ്, അസൈന്‍മെന്റുകളുടെ  വിശാലലോകത്തേയ്ക്ക് അവള്‍ നിലയുറപ്പിച്ചുകഴിഞ്ഞിരിക്കുന്നു,അലാറം വീണ്ടും നീണ്ടുവിശാലമായ ശബ്ദവുമായി എത്തുകയാണ്!! നീലപല്ലുകള്‍ കാണിച്ച് ചിരിക്കുന്ന മൊബൈല്‍ഫോണിനോട് ദേഷ്യം തോന്നാതിരിക്കുമോ??!
'അവളും ആ ലോകവും'!!, സ്വാഭാവികമായ നിരാശയിലും ഞാന്‍ കണ്ണുകടച്ച് വീണ്ടുമൊരു ശ്രമംനടത്തി വിവിധവര്‍ണ്ണങ്ങളിലെ ചില മിന്നല്‍പിണരുകള്‍ മാത്രം!!
 "ഇന്നും നീ കാടുംമലയും താണ്ടി പോയോടി സ്വപ്നജീവി ??!!" പല്ലുകളോട് ബ്രഷ് ഉരയുന്നതിനൊപ്പമുള്ള തീക്ഷ്ണ ശബ്ദം !!എഴുന്നെറ്റിരിക്കുമ്പോള്‍ കൈയിലെ നനവ്‌ മുഖത്തേക്ക് തെറിപ്പിച്ച് അടുത്തുവന്നുചേര്‍ന്നിരുന്ന അനുശ്രീ   മുഖത്തേയ്ക്കു സൂക്ഷിച്ച് നോക്കുന്നിതിനിടയില്‍ അന്യെഷിക്കുന്നു "ഇപ്പോഴും  സ്വപ്നത്തിന്റെ ഹാങ്ങോവറിലാ, എന്താണ് ഇന്നത്തെ സ്പെഷ്യല്‍?!!"ഞാനുംഅവളും ആ വിശാലസുന്ദരലോകവും ഞങ്ങളുടെ സംഭാഷങ്ങളും കാഴ്ച്ചകളുംതിരിച്ചറിവുകളും വെള്ളിപ്രഭയുമെല്ലാം  ഒറ്റവാക്കില്‍ ഒതുങ്ങിയിരിക്കുന്നു  'സ്വപനം'!! വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍!!

"സമയമെന്തായി.." ആ ചോദ്യത്തില്‍ മുഖഭാവം മാറാതെ ശ്രദ്ധിച്ചുകൊണ്ട് എഴുന്നേല്‍ക്കുമ്പോള്‍ അന്‍സില കുറെ കടലാസുകള്‍ക്കു മധ്യേയിരുന്നു കണക്കുകള്‍ കൂട്ടിക്കിഴിക്കുന്നു "വീക്കെന്റ്റില്‍ എല്ലാവരും കൂടിയൊന്നിരുന്നാല്‍ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ ഇങ്ങുപോരും "
 "ഇല്ല... എനിക്ക് വീട്വരെയൊന്നു പോകണം...."അങ്ങനെയാണ് മനസ് അല്ല അവളുടെ വാക്കുകള്‍! പുറത്തേയ്ക്കുള്ള യാത്രയില്‍ അത്    എങ്ങനെയാകുമോയെന്തോ?!!

Comments

Sunil Bhai said…
സ്വപനം'!! വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ആന്നു എന്തൊക്കൊയൊ ?? ?

AVEL AARAYO THEDUNNU
Anonymous said…
"എന്‍റെ വാക്കുകളെ നീ പലപ്പോഴും ശ്രദ്ധിക്കാറെയില്ല....."
അവളുടെ ശബ്ദത്തിനു ഇപ്പോള്‍ കൂടുതല്‍ വ്യക്തത!!
"ഞാനുംഅവളും ആ വിശാലസുന്ദരലോകവും ഞങ്ങളുടെ സംഭാഷങ്ങളും കാഴ്ച്ചകളുംതിരിച്ചറിവുകളും വെള്ളിപ്രഭയുമെല്ലാം ഒറ്റവാക്കില്‍ ഒതുങ്ങിയിരിക്കുന്നു 'സ്വപനം'!! വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍!!

മനസ്സ്....സ്വപ്നം....യാഥാർത്ഥ്യം...എഴുത്ത് അസലായിട്ടുണ്ട് ശരണ്യാ... ആ സുന്ദരസ്വപനലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകപ്പെട്ട അനുവാചകരേയും അലാറത്തിന്റെ നീണ്ടുവിശാലമായ ശബ്ദം നിരാശയിലേയ്ക്ക് നയിക്കുന്നു...
തുടക്കം മുതല്‍ ഒരു തരം ജിജ്ഞാസ ഉണര്‍ ത്തുന്നുണ്ട് വരികളില്‍ , വായിക്കുന്തോറും അവസാനിക്കുന്നതെവിടെ എന്നറിയാനുള്ള ഒരു ആകാം ക്ഷ.... വാക്കുകളുടെ മനോഹരമായ ക്രമീകരണം ... പലതും മനസിലാക്കാന്‍ ഒരാവര്‍ ത്തി കൂടി വായിക്കേണ്ടി വന്നു. ഉദാഹരണത്തിനു "ബോധമണ്ഡലത്തില്‍ നിന്നുള്ള ഉണര്‍വിന്‍റെ അവസാനപടികളില്‍ നിന്നുകൊണ്ട് ആ ശബ്ദത്തെ ഭൂതകാലവുമായി കണ്ണിചെര്‍ക്കാനുള്ള വിഫലശ്രമത്തിനൊടുവില്‍ ആ ചോദ്യത്തിന്‍റെ മുന്നിലേയ്ക്ക്തന്നെ ഞാന്‍ എത്തിപ്പെട്ടിരിക്കുകയാണ് !! " ഒരു വട്ടം വായിച്ച ഞാന്‍ സായിപ്പ് കഥകളി കണ്ടതു പോലെ കുഴങ്ങി... ഒരു വട്ടം കൂടി വായിച്ച് നോക്കി മനസിലാക്കി.... മുന്പ് ഞാന്‍ പറഞ്ഞത് പോലെ അസൂയ തോന്നുന്ന എഴുത്ത് .... ആശംസകള്‍ ശരണ്യാ... ഇനിയും എഴുതുക.....
ajith said…
വ്യത്യസ്ഥമായി എഴുതുന്ന കഥകള്‍ നന്നായിരിക്കുന്നു

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................