"ബാല്യത്തിന്‍റെ മഴയില്‍ ........."

ബാല്യത്തിന്‍റെ മഴയില്‍ എന്നോടൊപ്പം നനഞ്ഞ  സഹപാഠികള്‍ !!പൊട്ടിയഓടിന്‍റെ വിള്ളലിലൂടെ ക്ലാസ്സ്‌റൂമിലേയ്ക്ക് കിനിഞ്ഞിറങ്ങിയ മഴത്തുള്ളികള്‍ സ്ലേറ്റില്‍ ഏറ്റുവാങ്ങി നിര്‍വൃതിയടഞ്ഞ നിമിഷങ്ങള്‍ ,ആര്‍ത്തുപെയ്യുന്ന മഴ കൊതിയോടെ നോക്കിയിരുന്നതും പെട്ടെന്ന് വന്നുചേരുന്ന ഇടിമിന്നലില്‍ ചെവിപൊത്തി ചേര്‍ന്നിരുന്നതും കുളിര്‍മ്മ നല്‍കുന്ന ഓര്‍മ്മകള്‍ മാത്രം..ഇടവേളകളില്‍ സ്കൂള്‍ വരാന്തയില്‍ നിന്നുംകൊണ്ട്  കൈകുമ്പിളില്‍ ഏറ്റുവാങ്ങിയ മഴത്തുള്ളികള്‍ക്കു സന്തോഷത്തിന്‍റെ മാത്രം മുഖമായിരുന്നല്ലോ !!മഴ്യിലെയ്ക്ക് ഇറങ്ങാനുള്ള കൊതി അധ്യാപികയുടെ ചുരലിന്റെ ഓര്‍മയില്‍ ഒതുങ്ങിപോകുമ്പോള്‍ വര്‍ണ്ണങ്ങള്‍നിറഞ്ഞ ചെറു കുടകള്‍ വട്ടത്തില്‍ കറക്കി നമ്മള്‍ പരസ്പരം മഴത്തുള്ളികള്‍ പങ്കുവെച്ചിരുന്നു.മഴയുടെ കുട്ടുകാരനായ തവളയുടെ കരച്ചിലിന് മറുപടി നല്‍കി അതിനെ തോല്പ്പിക്കുമ്പോള്‍ നമ്മുടെശബ്ദവും മഴയുടെശബ്ദവും ഒന്നായിരുന്നില്ലേ ?? എന്നിട്ടും ഉടുപ്പ് നനയിച്ച മഴയെ ചിലപ്പോഴെങ്കിലും കൊഞ്ഞനംകുത്തിക്കാണിച്ചു  ഒറ്റപെടുത്തി...മഴയുടെ  പതിവ് സന്ദര്‍ശനങ്ങളുടെ ബാക്കിപത്രങ്ങളായ പായലുകളില്‍ തെന്നിവീഴുമ്പോള്‍ കിനിയുന്ന ചെറു രക്തത്തുള്ളികള്‍ കഴുകിക്കളഞ്ഞപ്പോള്‍ മഴേ,നിന്റെ മനസ്സില്‍ എന്തായിരുന്നു സന്താപമോ?സഹതാപമോ?അതോ ചെറുകുസൃതിയോ?എന്തായിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും നിന്നോട് ഞാന്‍ പരിഭവിച്ചിരുന്നു.എന്നിട്ടും ഒരു പിണക്കവും ഇല്ലാതെ നീ എന്നെതേടി വീണ്ടും വന്നിരുന്നു... മഴവെള്ളത്തില്‍ ഞങ്ങള്‍ ഒഴുക്കിയ ആ കളിവള്ളങ്ങള്‍ എവിടെ?നിന്‍റെ ഓര്‍മയുടെ ഏതെങ്കിലും തീരങ്ങള്‍ അവ ഇപ്പോഴും വട്ടംചുറ്റുന്നുണ്ടോ??!!അന്ന് നീ സ്കൂള്‍മുറ്റത്ത്‌  കൊഴിച്ചു തന്ന നെല്ലിക്കകളുടെ കയ്പ്പും പുളിയും മധുരവും നിന്‍റെ ഭാവഭേദങ്ങള്‍ പോലെ ഇന്നും നാവില്‍...അന്ന് നീ അടര്‍ത്തിയിട്ട ആ വെളുത്ത ചെമ്പകപൂവുകളുടെ സുഗന്ധം നീ അവിടെ ഒളിപ്പിച്ചിരുന്നു?
                                         മഴ നനഞ്ഞതിനു കിട്ടിയ ചെറിയനുള്ളിന്റെ നേരിയ നീറ്റലില്‍ അന്ന് ടിച്ചറിനോട് പിണങ്ങിയിരുന്നു ,പക്ഷെ ...കാലത്തിന്‍റെ നീരൊഴുക്കില്‍ ഞാന്‍ എന്ന അധ്യാപികയും പഴയ പല്ലവികള്‍ ആവര്‍ത്തിച്ചു "കുട്ടികളാരും മഴനനയരുത്".അപ്പോള്‍ ആ കുഞ്ഞു കണ്ണുകളില്‍ വിടര്‍ന്നഭാവം ഒരു കണ്ണാടിയില്‍ എന്നപോലെ എന്‍റെ മനസിലും പ്രതിഫലിച്ചിരുന്നു .. വരാന്തയില്‍ നിന്നും വീണ്ടും മഴത്തുള്ളികള്‍ ഏറ്റുവാങ്ങുന്ന എന്നെ കണ്ടെത്തിയ കുഞ്ഞികണ്ണുകളില്‍ ഒളിച്ചിരുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ കണ്ണുചിമ്മി ഒരു പുഞ്ചിരിമാത്രം നല്‍കി തിരികെ നടക്കുമ്പോള്‍ വലിയ കണ്ടുപിടുത്തം നടത്തിയപോലെ അവര്‍ പറയുന്നു " ഡാ...ടിച്ചറിനും നമ്മളെപോലെ മഴയിഷ്ട്ടാടാ..."

Comments

ബാല്യകാലതേക്ക് തിരിച്ചെത്തിയതുപോലെ....

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................