"""""വിതുമ്പാന്‍കഴിയാത്ത മൌനം...........""""""

"ജാനുട്ടി " ജനിച്ചത് മീനമാസത്തില്‍ സൂര്യന്‍ കത്തിനിന്ന ഒരു ഉച്ചസമയത്തായിരുന്നു അയാള്‍ക്കതൊരു കുളിര്‍മഴയായിരുന്നു ഇളംചൂടുള്ള ആ കുഞ്ഞു വിരലുകളില്‍ തൊട്ടപ്പോള്‍,ആ കുഞ്ഞു വിരലുകള്‍ അയാളുടെ ചെറുവിരലില്‍ ചുറ്റിപ്പി ടിച്ചു ജാനുട്ടി നടത്തം പഠിച്ചതും അതേ വിരലില്‍ തൂങ്ങിയാണ് ! ജാനുട്ടി എന്നത് അയാള്‍ കണ്ടെത്തിയ പേരായിരുന്നു ...... കുടുംബത്തിലെ ഏകസന്തതിയ്ക്ക് മുത്തച്ചനും മുത്തശിയും അമ്മയുമൊക്കെ വ്യത്യസ്ത ഓമനപേരുകള്‍ സമ്മാനിച്ചു , എങ്കിലും നാട്ടുകാര്‍ക്ക് അവള്‍ ജാനുട്ടി തന്നെ !
അവളുടെയും അയാളുടെ ജീവിതത്തിന്റെയും താളം ഒന്നുതന്നെയായി ! ഓരോ ദിവസവും ജോലികഴിഞ്ഞു എത്രയും നേരത്തെ വീട്ടില്‍ ചേക്കേറാന്‍ തിരക്ക് കൂട്ടുംമ്പോഴുംകൈനിറയെ പലഹാരങ്ങളുംകളിക്കോപ്പുകളും വാങ്ങാന്‍ അയാള്‍ ഒരിക്കലും മറന്നില്ല ....!!ഒരിക്കല്‍ അവള്‍ പറഞ്ഞു " അച്ഛാ എനിക്ക് ചുവന്ന ഒരു പട്ടുപാവാട വേണം ,അപ്പുറത്തെ ദേവുവിനില്ലേ? അത്തരം തന്നെ "പെട്ടന്ന്
അടുത്തുണ്ടായിരുന്ന അവളുടെ അമ്മ പറഞ്ഞു " എന്റെ കുട്ടന് ആ നിറം ചേരില്ല ,എന്റെ കുട്ടന്റെ കറുപ്പ് നിറത്തിന് ചേരുന്ന മറ്റൊരു നിറം വാങ്ങാം എന്തെ?" ഉടന്‍ ഒരു മറുചോദ്യം ഉണ്ടായി"എന്തെ അമ്മെ ഞാന്‍ കറുത്ത് പോയത്?" അതിനുള്ള ഉത്തരം വന്നത് ചുമരിന്റെ അപ്പുറത്ത് നിന്നായിരുന്നു ," നിന്റെ തള്ള കറമ്പിയല്ലേ ,അതുകൊണ്ട നീയും ഇങ്ങനെ , നമ്മുടെ കുടുംബത്തില്‍ ആദ്യമായിട്ട ഇങ്ങനെയൊക്കെ............."ആ വാക്കുകളുടെ ഉടമസ്ഥ അയാളുടെ അമ്മായി ആയിരുന്നു,മരുമകളുമായി വഴക്കിട്ടു ഇറങ്ങിവന്ന അവര്‍ക്ക് അഭയം നല്‍കിയത് തെറ്റായിപ്പോയിഎന്ന് അയാള്‍ക്ക് രണ്ടു ദിവസമായി തോന്നുന്നുണ്ടായിരുന്നു , വീണ്ടും ചുമരിന്റെ അപ്പുറത്ത്നിന്നും ശബ്ദം വന്നു "എത്ര നല്ല ആലോചനകള്‍ വന്നതാ..........., ങാ .......അതിനും ഒരു യോഗം വേണം ......"ഇത്രയും ആയപ്പോള്‍ അയാള്‍ എന്തോ പറയാന്‍ തുടങ്ങിയതാണ് ,പക്ഷെ യാചനനിറഞ്ഞ കണ്ണ്കള്‍കൊണ്ട് ഭാര്യ അതുതടഞ്ഞു.ജാനുട്ടിയ്ക്ക് അടുത്ത സംശയം ചോദിക്കാനുള്ള അവസരം നല്‍കാതെ അയാള്‍ പറഞ്ഞു "ജാനുട്ടി.... ഉറങ്ങിക്കോ ,.അച്ഛന്‍ നാളെ ഒരിടംവരെ കൊണ്ടുപോകാം".
ഉറക്കത്തില്‍നിന്നും അയാള്‍ മെല്ലെ ഉണര്‍ന്നുവരുന്ന സമയത്ത് ആണ് "അച്ഛാ........." എന്ന വിളിയോടെ ജാനൂട്ടി അയാളുടെ കിടക്കയിലേയ്ക്ക് ആയാസപ്പെട്ട് വലിഞ്ഞു കയറിവന്നത് , കൈയില്‍ അവളുടെ സന്തതസഹചാരിയായ സുന്ദരിപൂച്ച, അതിനെ നെഞ്ചോട്‌ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്;പൂച്ചകളെ അയാള്‍ക്ക് വെറുപ്പായിരുന്നു , പക്ഷെ ജാനൂട്ടി അവയെ ഇഷ്ട്ടപെടുമ്പോള്‍........!! അവള്‍ ആണല്ലോ അയാളുടെ എല്ലാ ഇഷ്ട്ടവും......... വീണ്ടും ചോദ്യം വന്നു " നമ്മള്‍ എപ്പോഴാ പോകുന്നത് ?" ഇന്നലെ ഉറങ്ങുന്നതിനു മുന്പ് അയാള്‍പറഞ്ഞ വാക്കുകള്‍ക്കു പുറകെ എത്തി യിരിക്കുകയാണ് അവള്‍ ! 'നമ്മള്‍ എങ്ങോട്ട) പോകുന്നത് ' എന്ന അടുത്ത ചോദ്യമാണ് ജാനൂട്ടിയില്‍ നിന്നും അയാള്‍ പ്ര തിഷിച്ചത്, പക്ഷെ ... ചോദ്യം ഇതായിരുന്നു -" അച്ഛാ........ ഈ സുന്ദരിയുടെ അമ്മ വെളുത്തതല്ലലോ ,പിന്നെ ഇവള്‍ മാത്രം എന്തെ വെളുത്തത്?" തലേന്നത്തെ സംഭാഷണത്തിന്റെ ബാക്കിയാണ് അയാള്‍ക്ക് ചിരി വന്നു ! അയാള്‍ ഒന്നും മിണ്ടുന്നില്ലെന്നു കണ്ടപ്പോള്‍ അവള്‍ അടുത്ത ചോദ്യത്തി ലേയ്ക്ക് കടന്നു."എനിക്ക് ചുവന്ന പട്ടുപാവാട വാങ്ങിതരുമോ?" , ഉത്തരം പറഞ്ഞത് അയാള്‍ക്കുള്ള ചായയുമായി അപ്പോള്‍ അങ്ങോട്ട് വരികയായിരുന്ന അവളുടെ അമ്മ ആയിരുന്നു."അത് വേണ്ട കുട്ടാ .......... അതിലും നല്ല നിറത്തിലുള്ള ഒന്ന് വാങ്ങാം..പോരേ?" കുഞ്ഞു മുഖത്ത് പരിഭവം നിയുന്നത്‌അയാള്‍കണ്ടു.
വൈകുംനേരം അയാളുടെ വിരലില്‍ തൂങ്ങിയിറങ്ങുമ്പോള്‍ അമ്മ അവളെ ഓര്‍മിപ്പിച്ചു "തിരക്കുള്ള സ്ഥലമ) , അച്ഛന്റെ വിരലില്‍ നിന്നും പിടിവിടല്ലേ ......." പറമ്പില്‍ നിന്നും ഒരു വട്ടയില നിറയെ മുല്ലമൊട്ടുകളുമായി തിരക്കിട്ട് അങ്ങോട്ട്‌വന്ന മുത്തശി അവളുടെ തലമുടിയില്‍ അരുമയായി തലോടികൊണ്ട് ചോദിച്ചു " മഴ വരുന്നുണ്ടല്ലോ എന്ന് തന്നെ ഉടുപ്പ് വാങ്ങാന്‍ പോകണോ ?", "അച്ഛന്റെ കൈയില്‍ കുട ഉണ്ടല്ലോ !?! " എന്ന മറുപടിയില്‍ അവള്‍ ആ ചോദ്യത്തിന്റെ മുനഓടിക്കാന്‍ ശ്രമിക്കവെയാണ് അമ്മായി അങ്ങോട്ട് വരുന്നത് കൂടെ ഒരു ചോദ്യവും" നീ എന്തിനാ രമണ) ഈ പെണ്ണിനെയുംകൊണ്ട് പോകുന്നത് ?,മക്കളെ ഇങ്ങനെ വഷളക്കരുത്.. ". മറുപടി പറയാതെ അയാള്‍ മകളയൂം കൂട്ടി തിരിഞ്ഞു നടക്കുമ്പോള്‍ പുറകില്‍ നിന്ന് അമ്മായിയുടെ സംസാരം കേള്‍ക്കാമായിരുന്നു " എന്റെ പൊന്നുനാത്തുനെ...........ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം , ഞാന്‍ ആണെങ്കില്‍ ആരോടും ഒന്നും പറയാനും ഇടപെടാനും പോകാറില്ലെന്ന് നാത്തുനു അറിയാമല്ലോ എന്നിട്ട് ആ മുധേവിയ്ക്ക് എന്നെ കാണത്തില്ല ........" അര്‍ത്ഥഗര്‍ഭമായ ഒരു ചിരിയോടെ ജാനുട്ടി അയാളെ നോക്കിയപ്പോള്‍ ആയാലും മെല്ലെ ചിരിച്ചു .കുറച്ചു ദൂരം അവളെ പിന്തുടര്‍ന്ന് വന്ന സുന്ദരിപൂച്ച, ഒടുവില്‍ ഒരു കല്ലില്‍ ഇരുന്നു അവളെ നോക്കി ഉറക്കെ ക്കരഞ്ഞു !! കറുകപുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്ന പാടവരമ്പി ലൂടെ സുക്ഷിച്ചു നിങ്ങുമ്പോള്‍ അവള്‍ വീണ്ടും ഓര്‍മിപ്പിച്ചു " ചുവന്ന പട്ടുപാവാട മതീട്ടോ, അമ്പലത്തില്‍ പോകുമ്പോള്‍ അനിക്കും ദെവൂനു ഒര്പൂലെ ഇട)നാ ........ ", "അമ്മയോട് എന്ത് പറയും എന്ന അയാളുടെ ചോദ്യയത്തിനു ഏതാനും നിമിഷത്തെ ആലോചനയ്ക്ക് ശേഷമാണ് അവള്‍ ഉത്തരം കണ്ടെത്തിയത് " ആ ഒരു പട്ടുപാവടയെ അവിടെ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞാല്‍മതി " അത് പറയുമ്പോള്‍ അവളുടെ കുഞ്ഞുമുഖത്ത് ഒരു കള്ളചിരി അയാളും ഏറ്റുപിടിച്ചു
കാലുകളുടെ തളര്‍ച്ച അയാളുടെ നിയന്ത്രണ ത്തിനുമപ്പുറത്തെയ്ക്ക് നീങ്ങുകയാണ്!!മങ്ങിമങ്ങി വന്നുകൊണ്ടിരുന്ന അയാളുടെ ബോധമണ്ഡലത്തില്‍ വീടിന്റെ നേര്‍ചിത്രം തെളിഞ്ഞു ഗ്രാമത്തിലെയ്ക്കു ആകെയുള്ള ബസ് അവസാനസര്‍വീസ്നടത്തിയില്ല എന്ന അറിവ് മൊത്തത്തില്‍ ആശങ്കപരത്തിയിരിക്കും മുല്ലമൊട്ടുകള്‍ കിണ്ണത്തില്‍ ഇട്ടുവെള്ളം നനയ്ക്കുമ്പോള്‍ അവളുടെ മുത്തശി പറയുന്നുണ്ടാവും " ഈ വസനയെന്നു വെച്ചാല്‍ അന്റെ കുറുമ്പി യ്ക്ക് എന്ത് ഇഷ്ട്ടമാണെന്നോ വരുമ്പോള്‍ കണ്ടോ ഇതു താഴെവെയ്ക്കില്ല ,...!!!" , ജാനൂട്ടിയുടെ അമ്മ ഇതിനോടകം തലയിണ്ണയ്ക്കു അടിയില്‍ രഹസ്യമായി വെച്ചിരിക്കുന്ന തന്റെ കൊന്തഎടുത്തു കൈയില്‍ അമര്‍ത്തി പിടിച്ചിരിക്കും ", അമ്മായി എന്തെക്കിലും കുറ്റങ്ങള്‍ പറഞ്ഞു കൊണ്ട് ഇരിക്കുന്നുടാകും വീണ്ടും ആകുലതകള്‍ പെരുകുമ്പോള്‍ ജാനൂട്ടിയുടെ മുത്തച്ചനും പറയുന്നുടാകും" അവന്‍ അറിയാത്ത വഴിഒന്നുംഅല്ലല്ലോ അവര്‍ ഇപ്പോള്‍ ഇങ്ങ് വരും. ." അപ്പോഴേയ്ക്കും ഇടറിയ കാലടികളോടെ അയാള്‍ പാടവരംബിലേയ്ക്ക് ഇരുന്നുപോയി പെട്ടന്ന് വന്ന ഒരു മിന്നലിന്റെ വെളിച്ചത്തില്‍ അയാള്‍ കണ്ടു കരിനീല നിറത്തില്‍ തന്റെ മടിയില്‍ കിടക്കുന്ന ജാനുട്ടിയുടെ ചേതനയറ്റ ശരീരം ! വിഷവൈദ്യന്‍റെ ശബ്ദം കാതുകളില്‍ അലയടിക്കുന്നു "കൂ ടിയ ഇനമായിരുന്നു എല്ലാം കഴിഞ്ഞു...... " പടര്‍ന്നു കിടന്ന ഒരു പുല്ലാനിചെടിയില്‍ പിടിച്ചു എഴുനേല്‍ക്കുമ്പോള്‍ , മകളെ താങ്ങിയെടുക്കാന്‍ രമണന്‍ യത്നിച്ചു .........കനത്തരാവിന്‍റെ കരങ്ങളില്‍
അയാളൊരു ചോദ്യചിഹ്നമായി മാറുമ്പോള്‍, ആകാശത്ത് വിതുമ്പാന്‍ കൊതിച്ചകാര്മേഘങ്ങള് അലയുന്നുണ്ടായിരുന്നു ..... വീടിന്റെ ഉമ്മറത്ത് അനങ്ങുന്ന നിഴലുകളെ തിരിച്ചറിയാനുള്ള കഴിവ് നഷ്ട്ടപെട്ട അയാളുടെ ബോധമണ്ഡലം സ്തംഭിച്ചു നില്‍ക്കുമ്പോള്‍...പെരുമഴയുടെ ആദ്യ മഴതുള്ളി നിറുകയില്‍ വീണത് അറിയാതെ അയാള്‍ വെറുതെ ചിരിച്ചുകൊണ്ടിരുന്നു..............'
Comments