അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

"ശുഭം എന്നുകരുതി വരവേറ്റ  ഇന്നത്തെ പുലരിയില്‍ ആദ്യംഎത്തിയത് തികച്ചും അശുഭകരമായ വാര്‍ത്ത എന്റെ വളരെ അടുത്ത സുഹൃത്ത് ലിനോയുടെ അച്ഛന്‍ മരിച്ചിരിക്കുന്നു!!ഇന്നലെ രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതാണ് ,പിന്നീട് ആ ഉറക്കത്തില്‍ നിന്നും ഉണനര്‍ന്നില്ലത്രേ!!! മരണം രംഗബോധമില്ലാത്ത കോമാളിയായി ആ ഇരുട്ടിന്‍റെ മറവിലൂടെ   എപ്പോഴോ കടന്നു ചെന്നിരിക്കുന്നു...ഒരിക്കലും കണ്ടിട്ടിട്ടില്ലാത്ത ലിനോയുടെ അപ്പായി'അല്ല ലിനോ എന്ന 'മാഷ്‌' എന്ന് ഞാന്‍ വിളിക്കുന്ന എന്‍റെ സുഹൃത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയാണ് മനസ്സില്‍നീറുന്നതു....ഒരേഒരു മകനാണ് മാഷിന്‍റെ പ്രതീക്ഷളുടെ സ്വപ്നങ്ങളുടെകടയ്ക്കല്‍ എവിടെയോ  ഒരു വെട്ടുവീണിട്ടുണ്ടാകും !!വാര്‍ത്ത നല്‍കിയ ഞെട്ടല്‍ മാറും മുന്‍പ് അതെ വാര്‍ത്തയുമായി വീണ്ടും കോളുകള്‍ വന്നു .... ".സൗഹൃദസംഭാഷണങ്ങളില്‍ നമ്മള്‍ വാചാലരാണ് പക്ഷെ സത്യം പറയാല്ലോ മാഷേ, ഇപ്പോള്‍ മാഷിനോട് പറയാന്‍ എനിക്ക് ഒരു വാക്ക്പോലും ഇല്ല ....ഞാന്‍ കുറെതിരഞ്ഞു ഇല്ല മാഷേ ഒന്നും ഇല്ല.....!! ശബ്ദങ്ങളില്ലാത്ത വാക്കുകളില്ലാത്ത ഒരുപിടി ഓര്‍മകളുടെ വറചട്ടിയിലാണ്ഞാന്‍ തളര്‍ച്ചയുള്ള ...വിറയാര്‍ന്ന ചൂട്‌ എന്നിലേയ്ക്ക് പ്രസരിച്ചുകഴിഞ്ഞു ... കൈകള്‍ തണുത്തുറഞ്ഞു...നെഞ്ചില്‍ താളംമുറുകുന്നു..., മനസിന്‍റെ താളം പിഴയ്ക്കുന്ന സമയങ്ങളില്‍ എന്നെത്തേടിയെത്തുന്ന ഈയൊരവസ്ഥ എന്‍റെ മാത്രം സ്വന്തമാണോ എനിക്കറിയില്ല... ചിലപ്പോള്‍ മറ്റു പലരുടെയും കൂടിയാകാം അല്ലേ??


ഒരു കാര്യത്തില്‍ മാഷ്‌ ഭാഗ്യവാനാണ് ഈ നഷ്ട്ടത്തിന്റെ ആഴംഅറിഞ്ഞ് സത്യം ഉള്‍ക്കൊണ്ട്‌ ഈ അവസ്ഥയെ അനുഭവിക്കാന്‍ കഴിയുന്നുണ്ടല്ലോ '- അതൊരു ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടോ?ജന്മം നല്‍കിയ -  മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്ത അളവില്‍ സ്നേഹം പകര്‍ന്നുതന്ന അച്ഛന്‍ ഓര്‍മയാകുമ്പോള്‍ മനസുതകര്‍ന്നൊന്നു ദു:ഖിക്കാനെങ്കിലും കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത്‌????.മാഷിന് അറിയുമോ ഇതുപോലൊരു പുലര്‍കാലത്താണ് ഇന്ന് മാഷിനെ തേടിയെത്തിയ ഈ സത്യം- ഇതേ സത്യം എന്നെയും തേടിയെത്തിയത് .

ശ്രി.വയലാറിന്റെ -'ആന്മാവിലൊരു ചിത',ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടെങ്കില്‍,ശ്രെദ്ധിച്ചിട്ടുണ്ടെങ്കില്‍,ഒരു നിമിഷമെങ്കിലും ആ വരികളുടെ ആഴങ്ങളിലേയ്ക്ക് ഇറങ്ങി ചെന്നിട്ടുന്ടെങ്കില്‍ ,തീര്‍ച്ചയായും നിങ്ങള്‍ക്ക് ആ ചിതയില്‍ എരിഞ്ഞടങ്ങിയ നഷ്ട്ടങ്ങളുടെ... സ്വപ്നങ്ങളുടെ... നിസ്സഹായതയുടെ... വ്യാപ്തിയും മനസിലാക്കാന്‍ സാധിചിട്ടുണ്ടാകും അല്ലെ?.അതൊരു ഒറ്റപ്പെട്ട ചിതയല്ല.കുഞ്ഞുകണ്ണുകളിലെ നേര്‍കാഴ്ചയായി തെളിഞ്ഞ്, യാഥാര്‍ത്യത്തിന്റെ നഗ്നസത്യങ്ങള്‍ താണ്ടി ഒരിക്കലും അണയാത്ത ഒരു ഞെരിപ്പോടായി ആ ചിതകള്‍ മനുഷ്യഹൃദയങ്ങളില്‍ അവശേഷിക്കുന്നു....
 ഞാന്‍ പറഞ്ഞില്ലേ ആ ഒരു പുലര്‍ക്കാലത്തെകുറിച്ച്..... എന്‍റെ മനസിന്‍റെ അനാഥത്യം മുളപൊട്ടിയ ആ ദിനങ്ങളില്‍, മനസ് ഒരു അശാന്തിപര്‍വമായി പുകഞ്ഞു നിന്നിരുന്നു.ആ പത്തുവയസുകാരിയുടെ ആശങ്കകള്‍ എണ്ണിതിട്ടപ്പെടുത്താതവയായിരുന്നു !!ഇടയ്ക്കെപ്പോഴോ വീട്ടില്‍ പോകുമ്പോള്‍ താന്‍ മണ്ണ് വാരികളിച്ചിരുന്ന മുറ്റം കറുകപുല്ലുകളുംപള്ളയും വളര്‍ന്നു നില്‍ക്കുന്ന ഒരു കാടായി അവള്‍ക്കു തോന്നിയിരുന്നു .അതാതു സമയങ്ങളില്‍ അമ്മ തീറ്റ കൊടുത്തു വളര്‍ത്തിയ പിടകോഴികള്‍ അവിടെയെക്കൊയോ അലഞ്ഞ്‌തിരിയുന്നു... ഞാന്‍ ഓമനിച്ചു വളര്‍ത്തിയ എന്‍റെ ചക്കിപൂച്ച എവിടുന്നോ ദിനമായി കരഞ്ഞുകൊണ്ട്  പാഞ്ഞ് വന്ന് ചുമലിലെയ്ക്ക് ചാടിക്കയറി എന്‍റെ മുഖത്തേയ്ക്കു ഉറ്റുനോക്കുന്നു അവളുടെ ഒട്ടിയ വയറിലെയ്ക്ക് നിസഹായതയോടെ നോക്കിക്കൊണ്ട്‌ കൈയില്‍ കരുതിയ ഒരുപിടി ചോറ്കൊടുക്കുമ്പോള്‍  മുത്തശന്‍ തിരക്കുകൂട്ടി തുടങ്ങിയിട്ടുണ്ടാകും "വാ... പോകാം.."  .ചോറുണ്ണാതെ  അമ്പുജാക്ഷി എന്‍റെ മടിയില്‍ ചുരുണ്ട്കൂടുമ്പോള്‍ കാണാം വീടിനു പുറകില്‍നിന്നും എത്തുന്നു മെലിഞ്ഞുണങ്ങിയ പുച്ചക്കുഞ്ഞുങ്ങള്‍ അവളുടെ കുഞ്ഞുങ്ങള്‍ ആവാം... അവ എന്നെ കണ്ടു അപരിചിതതതോടെ  ഓടിമറഞ്ഞു.    അമ്മവീട്ടിലെ ആ ദിവസങ്ങള്‍ ആറ്മാസങ്ങല്‍ക്കൊണ്ട് ഒരു പതിവായി മാറിക്കഴിഞ്ഞിരുന്നു.ആശുപത്രിയുടെഗന്ധമുള്ള അച്ഛന്റെ കണ്ണുകളില്‍ തെളിഞ്ഞ ഭാവങ്ങള്‍ വികാരങ്ങള്‍ വിലാപങ്ങള്‍ അവയൊന്നും പൂര്‍ണ്ണമായി  വായിച്ചെടുക്കാന്‍ എനിക്കന്നു കഴിഞ്ഞിരുന്നില്ല ... അതും എന്‍റെ നഷ്ട്ടം ... എനിക്കൊന്നും ചെയ്തുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല... മുറ്റത്തെ പുല്ലിനിടയിലൂടെ ഒരു പാമ്പ് ഇഴഞ്ഞുപോകുന്നു;ഞനും അച്ഛനും നട്ടുവളര്‍ത്തിയ പൂചെടികള്‍ കരിഞ്ഞുനിന്നിരുന്നു.. ആ കാഴ്ച്ചകളൊക്കെ കണ്ണിരിനുള്ളില്‍ മങ്ങിത്തുടങ്ങുമ്പോള്‍ മുത്തച്ഛന്റെ ശകാരചുവയുള്ള വാക്കുകള്‍ കേള്‍ക്കാം "നീ എന്തിനാടി കൊച്ചെ എങ്ങനെ കരയുന്നത് ?ങേ? കരഞ്ഞിട്ടെന്താ കാര്യം ...പുച്ചയും കോഴിയുമൊക്കെ എങ്ങനെയെങ്കിലും ജീവിച്ചോളും. കരഞ്ഞു വല്ല അസുഖവും പിടിപ്പിച്ചാല്‍ നോക്കാന്‍ ആരാ ഉള്ളത്".ആ വാക്കുകളൊന്നും എനിക്കന്നു തീരെദഹിച്ചിരുന്നില്ല.


  മടങ്ങുമ്പോള്‍ ഞാന്‍ മനസിലുറപ്പിച്ചിരുന്നു 'അച്ഛനോട് പറയണം വേഗം അസുഖമൊക്കെമാറ്റി വീട്ടിലേയ്ക്ക് വരാന്‍ '.എന്നെ പിന്തുടരുന്ന ചക്കിയെ മുത്തശന്‍ കല്ലെറിഞ്ഞു ഓടിക്കുന്നുണ്ട് .കണ്ണുകള്‍ പുകയുന്നു ....എന്നും ഇപ്പോഴും ആ ഓര്‍മ്മകള്‍ എനിക്ക് നല്‍കുന്നത് കണ്ണീരുമാത്രമാണ്.നിസഹായതയുടെ എരിവുള്ള കണ്ണുനീര്‍!!എന്തോ പുറംകാഴ്ചകളില്‍ ആകൃഷ്ട്ടയായി  കൈക്കുഞ്ഞായ അനിയത്തി വിരല്‍ചൂണ്ടി കരഞ്ഞ നിമിഷങ്ങളിലൊന്നില്‍...എങ്ങനെയോ അച്ഛനെ എനിക്ക് തനിച്ചുകിട്ടി അച്ഛന്റെ കു‌ടെ ആശുപത്രിയില്‍നില്‍ക്കുന്ന മറ്റുള്ളവരുടെയും ശ്രദ്ധതിരിഞ്ഞ ആ നിമിഷത്തില്‍ ഞാന്‍ അച്ഛന്റെ ചെവിയില്‍ അത് പറയുകയും ചെയ്തു 'അച്ഛന്‍ വേഗം വീട്ടില്‍വന്നേ തീരു...,എനിക്ക് അവിടെ നില്‍ക്കാന്‍ ഇഷ്ട്ടാല്ല ..."പക്ഷെ ഞാന്‍ പ്രതീക്ഷിച്ച മറുപടി കിട്ടിയില്ലെന്ന് മാത്രമല്ല എന്നെ ചേര്‍ത്തുപിടിച്ച അച്ഛന്റെ തേങ്ങല്‍!!, ഇന്നും പാതിഉറക്കത്തില്‍ ഞാന്‍ കേള്‍ക്കാറുണ്ട്... അന്ന് മുഴുവനായും ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയാതിരുന്ന ആ തേങ്ങല്‍.ആ സംഭവത്തോടെ എനിക്ക് താക്കിതുകള്‍ കിട്ടി "അച്ഛനോട് അങ്ങനെയൊന്നും പറയാന്‍പാടില്ല ,ആവശ്യമില്ലാത്ത ചോദ്യങ്ങളും അരുത് " അവയൊന്നു എനിക്ക് അത്ര രസിച്ചിരുന്നില്ല .ഒരു തികഞ്ഞ അച്ഛന്‍ കുട്ടിയായിരുന്ന ഞാന്‍ അമ്മവീട്ടിലും അച്ഛന്റെ തണലിലും പിന്നിട്ടപ്പോള്‍ എനിക്ക് നഷ്ട്ടപെട്ടത് അമ്മയുമായുള്ള ഒരു വൈകാരിക ബന്ധമായിരുന്നു ;പക്ഷെ അച്ഛന്റെ നഷ്ട്ടം ഇല്ലാതാക്കിയത് എന്നെ തന്നെയാണ് - എന്‍റെ ചിന്തകള്‍ സ്വപ്‌നങ്ങള്‍ സംശയങ്ങള്‍ അവയെല്ലാം ഗതികിട്ടാതെ അലയാന്‍ തുടങ്ങിയതും ആ ദിനങ്ങളില്‍ തന്നെ !!

ഒടുവില്‍ ആ മരണം തണുത്ത്മരവിച്ച ആ മുഖത്ത് ചുംബിക്കുമ്പോള്‍ അച്ഛന്‍ ആദ്യമായി തിരികെ നല്‍കാത്ത ഒരു ചുംബനത്തിനു എനിക്ക് കടക്കാരനായി...  അലറിക്കരഞ്ഞില്ല പതംപറഞ്ഞില്ല ...!!ഞാന്‍ അപ്പോഴൊക്കെ സൂക്ഷിച്ച് നോക്കിയത് ആ അടഞ്ഞ കണ്ണുകളിലെയ്ക്കായിരുന്നു അവ അനങ്ങുന്നുണ്ടോ ??അച്ഛന്‍ ഒരിക്കല്‍ അമ്മയോട് പറഞ്ഞുകേട്ട കഥകളില്‍ ഒന്നില്‍ മരിച്ചുഎന്ന്‌കരുതിയ ഒരാള്‍ തിരികെ വന്നിരുന്നു...അതും അയാളുടെ കണ്ണുകള്‍  അനങ്ങിയപ്പോഴാണത്രെ അറിഞ്ഞത് !! ഇല്ല ...ഒന്നുമുണ്ടായില്ല ,അച്ഛന്റെ ഒപ്പം ഉറങ്ങണമെന്നു പറഞ്ഞു കരയുന്ന ഒന്നരവയസുകാരി അനിയത്തിയെ ബലമായി ചേര്‍ത്തുപിടിക്കുമ്പോള്‍ ഞാന്‍ മനസിലാക്കി കാലുകള്‍ തളരുന്നുണ്ട്....അവിടെയെങ്കിലും ഇരുന്നേതിരൂ ............"
 ചിന്തകളും കഥകളും കവിതകളും സ്വപ്നങ്ങളും പകര്‍ത്തിതന്ന്... എന്നിലെ എന്നെയുംകൊണ്ട്  അച്ഛന്‍യാത്രയായിട്ട് വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഓരോ ഏകാന്ത നിമിഷങ്ങളുടെ മൌനത്തിനുള്ളില്‍ എന്‍റെ കണ്ണുകള്‍ ചുവന്ന് പുകയുന്നു ... പകരംവെയ്ക്കാനാവാത്ത ആ തണല്‍ വീണ്ടുംതേടുന്നു  ഞാന്‍ സംസാരിക്കുന്നു... കുറ്റപെടുത്തുന്നു  ...ദേഷ്യപെടുന്നു... പൊട്ടിക്കരയുന്നു ...എന്‍റെ മനസിലെ ആ സാനിധ്യത്തോട്!!!!!!!!ആ നിമിഷങ്ങളിലെപ്പോഴോ തോന്നുന്നു 'ഞാന്‍ ഏകയാണ് '!!
നാളെ മാഷിന്‍റെ അപ്പായിയെ കാണുമ്പോഴും ഓര്‍മയുടെ കുത്തൊഴുക്കില്‍ എരിഞ്ഞടങ്ങാത്ത ആ ചിത ഒരു നിമിഷമെങ്കിലും ആളിപ്പടരും എന്നത് നിസംശയം . കാരണം അവിടെ ഉരുകുന്നത്   എന്‍റെ സുഹൃത്തിന്‍റെ ദുഖമാണ് ; അതായത് എന്‍റെ ദുഃഖം !!! നമ്മുടെ ദുഃഖം.മാഷേ........ഈ നിശബ്ദ ചിന്തകളല്ലാതെ ഇപ്പോഴും പറയാനൊരു വാക്ക് എനിക്കില്ലാതെ പോകുന്നു... എന്‍റെ കണ്ണുകളിലും ശബ്ദത്തിലും നിന്ന്  എന്‍റെ മനസ് വായിച്ചെടുക്കാന്‍ കഴിവുള്ള പ്രിയസ്നേഹിതാ.... നിന്നോട് സംസാരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എത്രയോ അര്ഥശൂന്യം അല്ലേ?

 

Comments

renjus said…
ആളുകള്‍ മാറുന്നു .. പക്ഷെ അവസ്ഥകള്‍ എല്ലാം ഒന്ന് തന്നെ.. തന്റെ പോലെ വാക്കുകള്‍ ഒഴുകി ഇറങ്ങാത്തത് കൊണ്ട് എല്ലാം മനസ്സില്‍ തന്നെ .. ആരോടും പറയാതെ അല്ലെങ്കില്‍ പറയാന്‍ ആരും ഇല്ലാതെ ....

RENJITH
shaji abraham said…
അടി പൊളി
shaji abraham said…
വാചാലമായ ഭാഷക് നന്ദി
yesodharan said…
മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്ന രചന...നല്ല കയ്യൊതുക്കമുള്ള ശൈലി....എഴുത്തില്‍ നല്ല ഭാവിയുണ്ട്...
തുടരുക കൂട്ടുകാരീ...
ezuduka...iniyum..iniyum...malathinu ee ezuthukariye venam
മലയാളത്തിനു ഈ എഴുത്തുകാരിയെ വേണം ... ഇനിയും ഇനിയും ഇനിയും ....ഒരുപാടു എഴുതു
"എന്‍റെ കണ്ണുകളിലും ശബ്ദത്തിലും നിന്ന് എന്‍റെ മനസ് വായിച്ചെടുക്കാന്‍ കഴിവുള്ള പ്രിയസ്നേഹിതാ.... നിന്നോട് സംസാരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എത്രയോ അര്ഥശൂന്യം അല്ലേ?" തീർച്ചയായും....വാക്കുകൾ പലപ്പോഴും പരിമിതികൾക്കുള്ളിൽ നിൽക്കുന്നു. പരിമിതികളില്ലാത്ത മനസ്സിന്റെ ഭാഷ....സ്നേഹമയമായ ഭാഷ അത് മനസ്സിലാക്കാനായാൽ പിന്നെ വാക്കുകളുടെ ആവശ്യമേ വരുന്നില്ല....

അർത്ഥവത്തായ വരികൾ, ഒതുക്കമുള്ള എഴുത്ത്, വായനക്കാർന്റെ മനസ്സിലേയ്ക്കിറങ്ങി ചെല്ലുന്ന...തെല്ലു നൊമ്പരപ്പെടുത്തു ഭാഷ. കൂട്ടുകാരി നീയും നിന്റെ കറുകകളും വളരട്ടെ....വാനോളം
എഴുത്തു തുടരുക....വായിക്കുവാനായി ഞങ്ങൾ കാത്തിരിക്കുന്നു....
നന്നായിരിക്കുന്നു...ഒരുപാട് എഴുതൂ ഇനിയും...അനിയത്തീ....നന്മകൾ നേരുന്നു....
Saranya Mohanan said…
നല്ലവാക്കുകള്‍ക്ക് നന്ദി
Saranya Mohanan said…
നല്ലവാക്കുകള്‍ക്ക് നന്ദി
Saranya Mohanan said…
നല്ലവാക്കുകള്‍ക്ക് നന്ദി
Saranya Mohanan said…
നല്ലവാക്കുകള്‍ക്ക് നന്ദി
Anonymous said…
എഴുതുന്നത്‌ സുഗമമായി വായിക്കാന്‍ കഴിയുക, മനസ്സിലേക്ക് കടന്നു കയറുക, കുറെ നേരം കൂടി മനസ്സില്‍ ഒരു നൊമ്പരമായി തങ്ങി നില്‍ക്കുക ഇതൊക്കെ ആണ് കവിത എങ്കില്‍ ശരണ്യാ ഇതൊരു മനോഹരമായ കവിത തന്നെ. ഭാവുകങ്ങള്‍. ഇനിയും മുന്നോട്ടു പോവുക.
ശരണ്യ, കണ്ണുകളില്‍ നനവോടെയല്ലാതെ ഇതു വായിക്കാന്‍ കഴിയില്ല...ഒരുപാട് എഴുതണം,കേട്ടോ...
Anonymous said…
നന്നായിരിക്കുന്നു...

Popular posts from this blog

"എന്‍റെ മഴയ്ക്ക്‌................

"കശുമാവിന്‍ കമ്മലുകള്‍."