ഇച്ചേയി

"എന്‍റെ മാലയുംവളയും ഇവിടെയുണ്ടോ തങ്കം?",മധുരം ചേര്‍ക്കാത്ത കട്ടന്‍കാപ്പി കൂടപ്പിറപ്പിന് പകര്‍ന്നുനല്‍കിയ സ്ടീല്‍ക്കപ്പില്‍ തെരുപ്പിടിച്ച് തങ്കമ്മയെന്ന മധ്യവയസ്ക്ക നിശബ്ദം നിന്നു!! അകത്തുനിന്നും ഇച്ചേയിക്കുള്ള മറുപടിയെത്തും എന്ന് അവര്‍ക്കറിയാമായിരുന്നു! മറുപടി മാത്രമല്ല മുറുക്കിച്ചുവന്ന ചുണ്ടുകള്‍ വക്രിച്ചുപിടിച്ച് രഘു പുറത്തേയ്ക്ക് വന്നു, തങ്കമ്മയുടെ ഏക ആണ്‍തരി !!
"എന്നതാ തള്ളേടെ ഉദ്ദേശം??!!... വന്നിട്ടിപ്പോ ആധാരവുംഇല്ല,സ്വര്‍ണ്ണവും ഇല്ല അല്ലെ?" കാപ്പിഗ്ലാസ്‌ താഴെവെച്ചു എഴുന്നേല്‍ക്കുമ്പോള്‍ മനസിന്റെ സാന്നിധ്യം അസ്തമിച്ചുതുടങ്ങിയ കണ്ണുകളോടെ അവര്‍ പതറിപ്പതറി നോക്കുന്നുണ്ടായിരുന്നു !!
"ഇച്ചേയിക്കു ഓര്‍മ കിട്ടണില്ലെടാ .........."തങ്കത്തിന്റെ ശബ്ദം നേര്‍ത്തുറഞ്ഞിരുന്നു !!
"ഒര്‍മയുണ്ടായിരുന്ന കാലവും ഉണ്ടായിരുന്നു ! അന്ന് എന്നെ സൂക്ഷിക്കാനെല്പ്പിക്കാന്‍ വയ്യിരുന്നല്ലോ... ഞാന്‍ കുടിയനല്ലേ!! എന്നിട്ടിപ്പോ എന്തായി പേരിനൊരു വീഴ്ചകഴിഞ്ഞപ്പോള്‍ തള്ളാര്‍ക്കൊന്നും ഒര്‍മയില്ല പോലും" രഘു ചുവന്നനീര് മുറ്റത്തേയ്ക്ക് ആഞ്ഞുതുപ്പി!.
"പോണു...." ഇടറുന്ന കാലടികള്‍ പറിച്ചുവച്ച് അവര്‍ കിഴക്കേതൊടിയിലേയ്ക്ക് ഇറങ്ങുകയായിരുന്നു അപ്പോള്‍!!
"ങ്ങാ... പൊയ്ക്കോ പൊയ്ക്കോ,ദേ... അമ്മയോടാ ഈ പറയുന്നത് കിടപ്പായിക്കഴിയുമ്പോള്‍ ഇങ്ങോട്ട് വലിച്ചോണ്ട് വന്നേക്കരുത്, പൊട്ടക്കിണറ്റിലെടുത്തിടും ഞാന്‍" തിരിഞ്ഞുനോക്കാതെ അകത്തേയ്ക്ക് നടക്കുന്നതിനിടയില്‍ അയാള്‍ കൂട്ടിചേര്‍ത്തു "ആനയിച്ചു കൊണ്ടയാക്കാനൊന്നും നിക്കണ്ടാ തിരിച്ചു ഇങ്ങോട്ട് കയറണമെന്നുന്ടെങ്കില്‍......"
അടുക്കളവശത്തെ കാ‍ന്താരിചീനിയോടു ചേര്‍ന്നുള്ള കല്ലിലെയ്ക്ക് ഇരിക്കുമ്പോള്‍ തങ്കത്തിന്റെ കണ്ണുകളില്‍ നടന്നുപോകുന്ന കൂടപ്പിറപ്പിന്റെ രൂപം ഒരു മഴച്ചിത്രം കണക്കെ അലിഞ്ഞുനില്‍ക്കുന്നു!!
മുങ്ങിക്കുളികഴിഞ്ഞ് പുറകുവശത്തെ ഇറയത്തെയ്ക്ക് കയറി വരുമ്പോഴാണ് അന്നൊരിക്കല്‍ ഇച്ചേയിപറഞ്ഞത് "ഒരു കൂട്ടരു വന്നിട്ടുണ്ട് നീ വേഷംമാറി വരൂ ..."
"ഞാനോ??,ഇച്ചേയിങ്ങനെ നില്‍ക്കുമ്പോള്‍......." തന്‍റെ ചോദ്യത്തിന് "വേഗമായിക്കോട്ടേ "എന്ന് മാത്രമായിരുന്നു മറുപടി!! പിന്നിടൊരിക്കല്‍ താന്‍ ഓര്‍മിപ്പിച്ചു "പണ്ടവും ആധാരവും ഒന്നും രഘുനെ ഏല്‍പ്പിക്കരുത്,അത് കണ്ടിട്ടെങ്കിലും ഒരു വീഴ്ച വരുമ്പോള്‍ അവന്‍ കൂടെനില്‍ക്കുമല്ലോ കൈയിലും വെയ്ക്കേണ്ട ഒറ്റയ്ക്കല്ലേ പൊറുതി,ഒരുതരി പൊന്നിന് വേണ്ടി ജീവനെടുക്കണ കാലമാ....."
ഇച്ചേയി കാഴ്ചയില്‍നിന്നും വേച്ചുവേച്ചു മറയുന്നു !!പെയ്യുകയാണ് മഴയും മൌനവും വാക്കുകളില്ലാതെ...........തീരങ്ങളില്ലാതെ ...

( കടപ്പാട്- എന്‍റെ ഗ്രാമത്തിലെ ഒരു കരക്കമ്പിയ്ക്ക് )

Comments

Manoharam. M.T yude katha paschathalam ormavarunnu. Gambeeram